ബ്യൂണസ് ഐറിസ്: വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയ്ന്‍ മരിച്ചു. 31 കാരനായ ലിയാം പെയ്‌നെ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഗായകന്‍ സ്വയം ചാടിയതാണെന്ന് അര്‍ജന്റീനിയന്‍ പൊലീസ് അറിയിച്ചു.
കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് വിവരം. ലിയാം പെയിന്‍ ആത്മഹത്യ ചെയ്തതാകമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനും അന്വേഷണത്തിനും ശേഷം മാത്രമേ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു
വണ്‍ ഡയറക്ഷന്‍ ബാന്‍ഡിന്റെ നേതൃത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ കൂടിയായിരുന്നു ലിയാം പെയിന്‍ പ്രശസ്തനായത്. ബാന്‍ഡിന്റെ പല പാട്ടുകളുടെയും വരികളെഴുതുന്നതില്‍ കൂടി പങ്കാളിയായ ലിയാം പെയിന്‍ സോളോ ആര്‍ട്ടിസ്റ്റായും തിളങ്ങിയിരുന്നു. വണ്‍ ഡയറക്ഷന്‍ പിരിഞ്ഞതിനു ശേഷം ലിയാം പെയിന്‍ ചെയ്ത ഗാനങ്ങളായ സ്ട്രിപ് ദാറ്റ് ഡൗണ്‍ ബില്‍ബോര്‍ഡ്സ് ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2019ല്‍ എല്‍പി1 എന്ന ആല്‍ബം പുറത്തിറക്കിയ ലിയാമിന്റെ അവസാനത്തെ ഗാനം ടിയര്‍ ഡ്രോപ്സ് ആണ്.