കോഴിക്കോട്: ജില്ലയിൽ ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരാനാണ് രോഗം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരി വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഈ മാസം 20നാണ് രോഗലക്ഷണങ്ങളോടെ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അന്തിമ പരിശോധനയ്ക്കായി സാംപിൾ പോണ്ടിച്ചേരിയിലെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികളാണ് മരിച്ചത്. എന്നാൽ, കഴിഞ്ഞ ആഴ്ച പയ്യോളി സ്വദേശിയായ പതിനാലുകാരൻ രോഗമുക്തിനേടി ആശുപത്രി വിട്ടിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു.
അതേസമയം, അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്.