ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനുള്ള
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരേ ദിവസം ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
ഇന്നത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ അവതരിപ്പിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാകും ഇരുസഭകളിലും അവതരിപ്പിക്കുക.
ലോക്സഭാ അജണ്ട പ്രകാരം കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബില്‍ അവതരിപ്പിക്കും. ഇതിനെത്തുടര്‍ന്ന്, വിശാലമായ കൂടിയാലോചനകള്‍ക്കായി ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് റഫര്‍ ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് അഭ്യര്‍ത്ഥിക്കാം.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, പുതുച്ചേരി, ഡല്‍ഹി എന്‍സിടി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ യോജിപ്പിക്കാന്‍ ശ്രമിക്കുന്ന ബില്ലിന് കഴിഞ്ഞ ആഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് ബില്‍ നിര്‍ദേശിക്കുന്നത്.