ന്യൂഡല്‍ഹി: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ലോക്‌സഭയില്‍ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്‍ നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അവതരിപ്പിച്ചു. ബില്‍ ഭരണഘടനാവിരുദ്ധമെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിര്‍ത്തു.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കുവിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി.
ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഇതിനൊപ്പം ചേര്‍ക്കുന്നതിനുള്ള ബില്‍ എന്നിങ്ങനെ 2 ഭാഗങ്ങളായിട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒരേ സമയമുള്ള തിരഞ്ഞെടുപ്പ് 2034 ല്‍ സാധ്യമാക്കും വിധമാണ് ബില്ലിലെ വ്യവസ്ഥ.
ഈ ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ആക്രമണമാണെന്നു പറഞ്ഞ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ബില്‍ സഭയുടെ നിയമനിര്‍മാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സര്‍ക്കാര്‍ അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്വാദി പാര്‍ട്ടി എംപി ധര്‍മേന്ദ്ര യാദവും ആരോപിച്ചു.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും പ്രതിപക്ഷത്തുനിന്ന് ആവശ്യം ഉയര്‍ന്നു. ബഹളം ഉയര്‍ന്നതോടെ ബില്‍ ജെപിസിയുടെ പരിഗണനയ്ക്കു വിടുമെന്നു പ്രതിപക്ഷത്തിന് അമിത് ഷാ ഉറപ്പു നല്‍കുകയായിരുന്നു. ജെപിസിക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും പറഞ്ഞു.
ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു.