ദില്ലി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി അടുത്തെത്തി മോദി സർക്കാർ. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’ന് അംഗീകാരം നൽകി. രാംനാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് മോദി മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം.
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള നീക്കം മോദി സർക്കാർ തുടങ്ങിയിട്ട് കാലങ്ങളായി. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ നീക്കത്തിന് വേഗം കൂടും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് ഇന്ന് മോദി മന്ത്രിസഭ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’ന് അംഗീകാരം നൽകിയത്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ച് 15 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐ ഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.