
നാലു വര്‍ഷം മുന്‍പ്, സുപ്രീംകോടതിയിൽ അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാരില്‍ ഒരാളായ അശോക് ഭൂഷണ്‍ നാളത്തെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ്.എ ബോബ്ഡെ, മുന്‍ ജഡ്ജിമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവർക്കായിരുന്നു ക്ഷണം ലഭിച്ചത്.അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, മുന്‍ ജഡ്ജ് അബ്ദുള്‍ നസീർ എന്നിവർ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സംബന്ധിച്ച് സുപ്രീംകോടതി തിങ്കളാഴ്ച പ്രവൃത്തി ദിവസമാണ്. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോടതിയില്‍ നിന്ന് അവധിയെടുക്കാന്‍ അദ്ദേഹം തയാറല്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
നാഗ്പൂരിലുള്ള തന്റെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ബോബ്ഡെ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. നിലവില്‍ ആന്ധ്ര പ്രദേശിലെ ഗവർണറായ മുന്‍ ജഡ്ജ് അബ്ദുള്‍ നസീർ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വിരമിക്കലിന് ഒരുമാസത്തിന് ശേഷം നാഷണല്‍ ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി 2021 നവംബർ എട്ടിന് നിയമിതനായ ജസ്റ്റിസ് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച അയോധ്യയിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു.
one of the Judges who delivered historic Ayodhya case verdict to attend ‘Pran Pratistha’ event