എ.ഐ സാങ്കേതിക വിദ്യയുടെ ഗുണവും പരിമിതിയും വിശദീകരിച്ച് ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണ്‍ലൈന്‍ മാധ്യമ സെമിനാറില്‍ ഡി.പ്രമേഷ്കുമാറും ബി.ശ്രീജനും

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവ് പരമ്പരാഗത അച്ചടി, ടെലിവിഷൻ മാധ്യമങ്ങളുടെ പ്രചാരത്തെ ബാധിച്ചിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളെ ഉപേക്ഷിച്ച് പ്രത്യേകിച്ച് യുവതലമുറ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രേക്ഷകരായി മാറുന്ന സാഹചര്യം ഇന്നത്തെ വസ്തുതയാണെന്ന് മാതൃഭൂമി ഡപ്യുട്ടി എഡിറ്റര്‍ ഡി.പ്രമേഷ്കുമാര്‍ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൊപ്പി എന്ന യൂട്യൂബറെ കാണാനെത്തിയവര്‍ കേരളത്തിലെ പെരിന്തല്‍മണ്ണയില്‍ ട്രാഫിക് ബ്ളോക്ക് സൃഷ്ടിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പരസ്യ മാര്‍ക്കറ്റുകളെ പോലും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരം സ്വാധീനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റത്തിന് നിര്‍ബന്ധിതമാവുകയാണെന്നും പ്രമേഷ് കുമാര്‍ പറഞ്ഞു.

ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് പോലുള്ള നൂതന നിര്‍മ്മിത സാങ്കേതിക വിദ്യയിലൂടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. അതേസമയം എ.ഐ സാങ്കേതിക വിദ്യ ഒരിക്കലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരമാകില്ലെന്ന് പ്രമേഷ് കുമാര്‍ പറഞ്ഞു. സാങ്കേതിക വിദ്യയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും (ഉള്ളടക്കം) കണ്ടന്റുകളാണ് ഏറ്റവും പ്രധാനം. നല്ല കണ്ടന്റുകള്‍ തിരിച്ചറിയാന്‍ മനുഷ്യന് മാത്രമെ സാധിക്കുകയുള്ളു. വാര്‍ത്തകളിലെ മാനുഷികത തിരിച്ചറിയാന്‍ ഒരിക്കലും നിര്‍മ്മിത സാങ്കേതിക വിദ്യയ്ക്ക് സാധിക്കണമെന്നില്ല.  മനുഷ്യന്റെ തലച്ചോറിന് പകരമാകാന്‍ ഒരിക്കലും എ.ഐ. പോലുള്ള സാങ്കേതിക വിദ്യക്ക് സാധിക്കില്ല എന്നര്‍ത്ഥം. അതേസമയം മാധ്യമ രംഗത്ത് സാങ്കേതിക മികവ് കൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചേക്കുമെന്നും പ്രമേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 

എ.ഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് മാധ്യമ പ്രവര്‍ത്തന രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ദി ഫോര്‍ത്ത് മലയാളം ചാനലിന്റെ ന്യൂസ് ഡയറക്ടര്‍ ബി.ശ്രീജന്‍ പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഒരു ന്യൂസ് കണ്ടന്റിനെ വിവിധ തലങ്ങളിലേക്ക് മാറ്റാന്‍ ഇന്ന് സാധിക്കും. പുതിയ കാലത്ത് നമ്മുടെ ന്യൂസ് റൂമുകള്‍ ടെക്നോ എഡിറ്റോറിയല്‍ ന്യൂസ് റൂമുകളായി മാറണമെന്നാണ് തന്റെ അഭിപ്രായമെന്നും ശ്രീജന്‍ ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ മാറണം. മാറ്റങ്ങളോട് പൊതുവെ മുഖം തിരിച്ചുനില്‍ക്കുന്ന സമീപനമാണ് നമ്മുടെ മാധ്യമ രംഗത്തിന് ഉള്ളത്. അതില്‍ മാറ്റം വരണമെന്നും പുതിയ മാറ്റങ്ങളെ ഗുണകരമായി പ്രയോജനപ്പെടുത്താന്‍ മാധ്യമ രംഗം തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. ടെലിപ്രിന്ററില്‍ നിന്ന് ഡി.ടി.പിയിലേക്കും ഡി.ടി.പിയില്‍ നിന്ന് വലിയ സാങ്കേതിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടറുകളിലേക്കും മാറിയതുപോലെയേ ഇപ്പോഴത്തെ മാറ്റങ്ങളേയും കാണേണ്ടതുള്ളുവെന്നും ശ്രീജന്‍ ചൂണ്ടിക്കാട്ടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ വലിയ മാറ്റങ്ങളാണ് മാധ്യമ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഇ-മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. അത് യാഥാര്‍ത്ഥ്യമാണ്. പണ്ട് മനോരമയുടെ മാധ്യമ പ്രവര്‍ത്തകന്‍ വരാതെ വാര്‍ത്താ സമ്മേളനങ്ങള്‍ തുടങ്ങാത്ത കാലം ഉണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ ലേഖകര്‍ വരുന്നതുവരെ വാര്‍ത്താ സമ്മേളനം ആരംഭിക്കാന്‍ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് ആതാണോ അവസ്ഥ. വാര്‍ത്താ സമ്മേളനം നടത്തുന്നവര്‍ക്ക് തന്നെ വാര്‍ത്തകള്‍ പങ്കുവെക്കാനുള്ള സംവിധാനമുണ്ട്. ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകരായി മാറുന്ന കാലമാണിത്. അപ്പോള്‍ ഏതാണ് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം എന്നതില്‍ വലിയ ആശയകുഴപ്പം തന്നെ നിലനില്‍ക്കുകയാണെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. പക്ഷെ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ തന്നെ വര്‍ഗീതയും ഭിന്നതയും വളര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ കുത്തിനിറക്കപ്പെടുന്നു എന്നതാണ്. അത്തരം സാഹചര്യങ്ങളെയും നമ്മള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ഇ മലയാളി ചീഫ് എഡിറ്റര്‍ പറഞ്ഞു. 

വാര്‍ത്തകള്‍ എഴുതുമ്പോള്‍ അത് എല്ലാവര്‍ക്കും ഒരുപോലെ മനസ്സിലാക്കാനും വായിക്കാനും കഴിയുന്ന തരത്തില്‍ എഴുതുക എന്നതാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ പരമമായ ഉത്തരവാദിത്തമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ താജ് മാത്യു പറഞ്ഞു. എഐ പോലുള്ള സംവിധാനങ്ങള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തകരുടെ സ്ഥാനം ഭാവിയില്‍ എന്താകും എന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എഐ സാങ്കേതിക വിദ്യക്ക് ഒരിക്കലും മാധ്യമ പ്രവര്‍ത്തകരെ പകരം വെക്കാനാകില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് ഹെഡ് കൃഷ്ണകിഷോര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതികളില്‍ പോകാം, ജയിലുകളില്‍ പോയി അഭിമുഖങ്ങള്‍ നടത്താം. യുക്രെയിന്‍ പോലുള്ള യുദ്ധ ഭൂമികളില്‍ പോയി മനുഷ്യരുടെ ദുഃഖങ്ങള്‍ പകര്‍ത്താം. അവിടങ്ങളിലൊന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് മാധ്യമ പ്രവര്‍ത്തകനെ പകരം വെക്കാനാകില്ല. അതേസമയം സ്പോര്‍ട്സ്, ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗുകളില്‍ എ.ഐക്ക് വലിയ സാധ്യതയുണ്ട്. അമേരിക്കയില്‍ തന്നെ എ.ഐ ഉപയോഗിച്ച് സ്പോര്‍ട്സ് റിപ്പോര്‍ട്ടുകള്‍ എഴുതുന്ന മാധ്യമങ്ങളുണ്ട്. മലയാളത്തില്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ തമിഴ് ഉള്‍പ്പടെ മറ്റ് പത്ത് ഭാഷകളില്‍ എ.ഐ ഉപയോഗിച്ച് നല്‍കുന്നത് തന്റെ വ്യക്തിപരമായ അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്ലുവിളികള്‍ക്കൊപ്പം എ.ഐ വലിയ സാധ്യതകളാണ് തുറന്നുവെക്കുന്നത്. പുതിയ മാറ്റങ്ങളോട് കണ്ണടിച്ചിരിക്കാതെ അത് ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹം തയ്യാറാകണമെന്നും കൃഷ്ണകിഷോര്‍ പറഞ്ഞു. 

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ജോ. ട്രഷറര്‍ റോയി മുളങ്കുന്നം എന്നിവരും സംസാരിച്ചു. സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ സെമിനാർ സംഘാടകത്തിന് നേതൃത്വം നൽകി.ജോ.സെക്രട്ടറി ആഷാ മാത്യു മോഡറേറ്ററായിരുന്നു. 

Online media seminar on AI by India press club of North America