മുംബൈ: മഹാ വികാസ് അഘാഡിയുടെ ശക്തമായ വെല്ലുവിളിയുണ്ടെങ്കിലും 2019 ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 41 ലോക്‌സഭാ സീറ്റുകൾ നേടിയ റെക്കോർഡ് എൻഡിഎ ഇനിയും മെച്ചപ്പെടുത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
ഈ തിരഞ്ഞെടുപ്പിൽ രാജ്യത്ത് രണ്ട് ഗ്രൂപ്പുകൾ മാത്രമേയൂള്ളൂ, പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്നവരും അദ്ദേഹത്തെ എതിർക്കുന്നവരുമാണ് ആ രണ്ട് വിഭാഗങ്ങൾ എന്നും ഫഡ്നാവിസ് പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സീറ്റ് വിഭജനം, മഹാരാഷ്ട്രയിലെയും മുംബൈയിലെയും അടിസ്ഥാന സൗകര്യ വികസനം, സാധ്യമായ പുതിയ സഖ്യകക്ഷികൾ, മുൻ സഖ്യ പങ്കാളിയായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൻ്റെ പോരായ്മകൾ എന്നിവയെക്കുറിച്ചും ഫഡ്‌നാവിസ് സംസാരിച്ചു.
1948-ലാണ് മഹാരാഷ്‌ട്ര ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയച്ചത്. രാജ്യത്ത് രണ്ട് ക്യാമ്പുകളാണുള്ളത്. ഒന്ന് പ്രധാനമന്ത്രി മോദിക്കൊപ്പവും മറ്റൊന്ന് അദ്ദേഹത്തിനെതിരെയും. പാർട്ടിയോ ചിഹ്നമോ നോക്കാതെ പ്രധാനമന്ത്രിക്കൊപ്പമുള്ളവർക്ക് വോട്ട് ചെയ്യാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഫഡ്നാവിസ് പറഞ്ഞത്.