ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം എടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഗുസ്തിതാരം വിനേഷ് ഫോഗട്ടിനു പറയാനുണ്ടായിരുന്നത് സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു. തെരുവില്‍ വലിച്ചിഴച്ചപ്പോള്‍ ഞങ്ങളുടെ കണ്ണീരും വേദനയും മനസ്സിലാക്കിയത് കോണ്‍ഗ്രസ് ആണെന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായപ്പോള്‍ ഗുസ്തിതാരങ്ങളുടെ കണ്ണീരും വേദനയും കോണ്‍ഗ്രസ് മനസിലാക്കി. രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. റോഡില്‍ നിന്ന് പാര്‍ലമെന്റ് വരെ പോരാടാന്‍ തയാറാണെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം വിനേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, പാരീസ് ഒളിമ്പിക്സിലെ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കവെ, ഒരു ദിവസം മുഴുവന്‍ വിവാദത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്ന് വിനേഷ് പറഞ്ഞു. അയോഗ്യതയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ”ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ കാര്യമാണ്, ഞാന്‍ അതിനെക്കുറിച്ച് വിശദമായി സംസാരിക്കും. ക്ഷമയോടെ ഇരിക്കൂ, ഞാന്‍ ഒരു ദിവസം സംസാരിക്കും,’ എന്നാണ് വിനേഷ് പറഞ്ഞത്.