ചെന്നൈ : തമിഴ്നാട്ടിലെ ഊട്ടിയില്‍ പൂജ്യം ഡിഗ്രിക്ക് അടുത്താണ് താപനില. ഇത് അസാധാരണമാണെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. ഈ മലയോരജില്ലയിലെ താപനില കുറയുന്നതോടെ ആളുകള്‍ കൊടും തണുപ്പ് കൊണ്ട് പൊറുതിമുട്ടുകയാണ്.
പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍ മഞ്ഞില്‍ മൂടിയിരിക്കുകയാണ്. ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാഴ്ചപരിധിയെ ബാധിക്കുന്നതായാണ് വിവരം. താപനില കുറയുന്നത് കാരണം പ്രദേശവാസികള്‍ ആരോഗ്യപ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നു. ഇത്തരം തണുപ്പും വരണ്ട കാലാവസ്ഥയും അസാധാരണമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉദഗമണ്ഡലത്തിലെ കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെര്‍ക്കുറി 2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ആഗോളതാപനവും എല്‍-നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എന്‍വിറോമെന്റ് സോഷ്യല്‍ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.
തണുപ്പ് തുടങ്ങാന്‍ വൈകിയെന്നും ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം നീലഗിരിക്ക് വലിയ വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വന്‍തോതിലുള്ള തേയിലത്തോട്ടവും വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
ഡിസംബറിലെ കനത്ത മഴയും തുടര്‍ന്നുള്ള തണുപ്പും തേയിലത്തോട്ടത്തെ ബാധിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്ന കാബേജുകളെയും കാലാവസ്ഥ ബാധിച്ചതായി പച്ചക്കറി കര്‍ഷകര്‍ പറയുന്നു.