ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ മുൻ ഓപ്പൺ എഐ ഗവേഷകൻ സുചിർ ബാലാജി സാൻ ഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഓപ്പൺ എ ഐയെ വിമർശിച്ച് പുറത്തുപോയ 26 കാരനായ സുചിർ ബാലാജിയുടെ മരണവാർത്തയോട് ‘Hmm’ എന്ന മൂളലാണ് മസ്ക് പ്രതികരണമായി പങ്കുവെച്ചത്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനുമായി ഇലോൺ മസ്കിന് ദീർഘകാലമായി വൈരാഗ്യമുണ്ടായിരുന്നു.
2015ൽ ഇലോൺ മസ്കും സുചിർ ബാലാജിയും ചേർന്നാണ് ഓപ്പൺ എഐ സ്ഥാപിച്ചത്. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് ശേഷം മസ്ക് ഓപ്പൺ എഐ വിട്ട്, മറ്റൊരു എഐ സ്റ്റാർട്ടപ്പായ എക്സ് എഐ സ്ഥാപിക്കുകയായിരുന്നു. നവംബർ 26 ന് നടന്ന സംഭവത്തിൻ്റെ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നതോടെയാണ് മസ്ക് പ്രതികരണവുമായി രംഗത്തെത്തിയത്.
നവംബർ 26 ന് മരിച്ച നിലയിൽ കണ്ടെത്തിയ സുചിർ ബാലാജി ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് പുറത്തുവന്നത്. സംശയാസ്പദമായ കാര്യങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നാണ് സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.