‘പൂരം കലക്കി’ ആരോപണം നേരിടുന്ന എഡിജിപി സമർപ്പിച്ച റിപ്പോർട്ട് പ്രഹസനം, മുഖ്യമന്ത്രിക്കെതിരെ പറയാൻ അൻവറിന് കൊട്ടേഷൻ നൽകിയത് സിപിഎം നേതാക്കൾ: സതീശൻ

കൊച്ചി: പൂരം കലക്കിയെന്ന ആരോപണം നേരിടുന്ന എ.ഡി.ജി.പി തട്ടിക്കൂട്ടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരിന് ഗൂഢോലോചന ഒളിപ്പിച്ചു വയ്ക്കാനുള്ള തത്രപ്പാടാണെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പാര്‍ട്ടി അംഗമല്ലാത്ത ഒരു എം.എല്‍.എയ്ക്ക് കൊട്ടേഷന്‍ നല്‍കിയത് സി.പി.എം നേതാക്കളാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ ശ്രമിച്ചത് തനിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കത്തിന് തടയിടാനാണെന്നും പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

തൃശൂര്‍ പൂരം കലക്കിയതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളത്? പൂരം കലക്കിയെന്ന ആരോപണം നേരിടുന്ന എ.ഡി.ജി.പിയാണ് അന്വേഷണം നടത്തിയിരിക്കുന്നത്. അന്വേഷണമേ നടക്കുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരം പൊലീസ് ആസ്ഥാനത്തു നിന്നും വെള്ളിയാഴ്ച മറുപടി ലഭിച്ചതിനു പിന്നാലെയാണ് ഒരാഴ്ചത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ടെന്ന് ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഏപ്രില്‍ 21 ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അഞ്ച് മാസം കഴിഞ്ഞപ്പോഴാണ് അന്വേഷണം നടക്കുന്നില്ലെന്ന വാര്‍ത്ത പുറത്തുവന്നത്. ആരോപണ വിധേയന്‍ തന്നെ അന്വേഷിച്ചുവെന്നതാണ് റിപ്പോര്‍ട്ട് പ്രഹസനമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.

പൂരം കലക്കിയതിന്റെ ഗൂഢാലോചന ഒളിപ്പിച്ചു വയ്ക്കുന്നതിന്റെ തത്രപ്പാടാണ് ഇപ്പോള്‍ കാണുന്നത്. ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആ ഗൂഢാലോചനയില്‍ പങ്കാളിയായ ആളാണ് റിപ്പോര്‍ട്ട് തയാറാക്കി ഗൂഢാലോചനയെ കുറിച്ച് അറിയാവുന്ന ആള്‍ക്ക് കൈമാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ല. ഈ സാഹചര്യത്തില്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.

ഭരണകക്ഷി എം.എല്‍.എയ്ക്ക് മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാന്‍ എത്ര പത്രസമ്മേളനം നടത്തണം? പത്തോ ഇരുപതോ പത്രസമ്മേളനങ്ങളാണ് ഭരണകക്ഷി എം.എല്‍.എ നടത്തിയത്. മുഖ്യമന്ത്രിയും പത്രസമ്മേളനം നടത്തിയാണ് എം.എല്‍.എയ്ക്ക് മറുപടി നല്‍കിയത്. കള്ളക്കടത്തു വിഹിതം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കിട്ടിയെന്ന ആരോപണം ഉന്നയിക്കുന്നത് സി.പി.എം പിന്തുണയോടെ വിജയിച്ച എം.എല്‍.എയാണ്. ഭരണകക്ഷി എം.എല്‍.എ മുന്നില്‍ നിര്‍ത്തി സി.പി.എമ്മില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന നീക്കത്തെ തടയിടാനാണ് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിലൂടെ ശ്രമിച്ചത്. അല്ലാതെ പ്രതിപക്ഷത്തിന് എതിരായിരുന്നില്ല മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.

പണ്ടും സി.പി.എമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ പ്രത്യയശാസ്ത്രപരമായ ഭിന്നതകളാണെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. സി.പി.എമ്മില്‍ ഒരു കാലത്തും പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ ഉണ്ടായിട്ടില്ല. ഉണ്ടായതൊക്കെ ഇതുപോലുള്ള തര്‍ക്കങ്ങളാണ്. ഇപ്പോള്‍ നടക്കുന്ന ഭിന്നത ഒരു പാര്‍ട്ടി എത്രത്തോളം ജീര്‍ണതയിലേക്ക് പോകുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്. സ്ഥലം വാങ്ങിയതും പണം വാങ്ങിയതും കെട്ടിടമുണ്ടാക്കിയതും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഇക്കാര്യങ്ങളൊക്കെ പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ പാര്‍ട്ടി അംഗമല്ലാത്ത ഒരു എം.എല്‍.എയ്ക്ക് കൊട്ടേഷന്‍ നല്‍കി പറയിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുമായി അടുത്തു നില്‍ക്കുന്നവര്‍ പറയുന്നത്. ഭരണ കക്ഷി എം.എല്‍.എയ്ക്ക് മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ എം.എല്‍.എ വീണ്ടും ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുയാണ്.

എന്താണ് സി.പി.എമ്മില്‍ നടക്കുന്നത്? ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അപകടകരമായ രീതിയിലേക്കാണ് സി.പി.എം പോകുന്നത്. ബി.ജെ.പിയുമായുള്ള ബാന്ധവം ഒന്നൊന്നായി പുറത്തു വരികയാണ്.കമ്മിഷണറാണ് കുഴപ്പമുണ്ടാക്കിയെന്ന് പറഞ്ഞാണ് പൂരം കലക്കിയതിന് കമ്മിഷണറെ മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥലത്തുണ്ടായിരുന്നെന്ന വിവരം പിന്നീടാണ് പുറത്തു വന്നത്. കമ്മിഷണര്‍ കുഴപ്പമുണ്ടാക്കിയാല്‍ എ.ഡി.ജി.പിയും അതിന് മുകളിലുള്ള മുഖ്യമന്ത്രിയും നോക്കി ഇരിക്കുമോ? അറിഞ്ഞിട്ടും മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഇടപെടാത്തത് എന്തുകൊണ്ടാണ്? ഇവരെല്ലാം അറിഞ്ഞു കൊണ്ടുള്ള ഗൂഢാലോചനയിലാണ് പൂരം കലക്കിയത്. എന്തിനാണ് എ.ഡി.ജി.പി അനൗദ്യോഗികമായി തൃശൂരില്‍ തങ്ങിയത്? അഞ്ച് മാസമായിട്ടും റിപ്പോര്‍ട്ട് ലഭിക്കാതിരുന്നപ്പോള്‍ എന്തുകൊണ്ടാണെന്ന ചോദ്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചോദിച്ചോ? ഇപ്പോള്‍ വിവാദമായപ്പോഴാണ് തട്ടിക്കൂട്ടി അന്വേഷണം നടത്തി ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു അന്വേഷണവും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. അരോപണ വിധേയന്‍ തന്നെ തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിത്. പൂരം കലക്കി ബി.ജെ.പി ജയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗൂഢാലോചനയില്‍ ബി.ജെ.പിക്കും പങ്കുണ്ട്. പ്രതിക്കൂട്ടിലായതു കൊണ്ടാണ് ബി.ജെ.പി നേതാക്കാള്‍ ഇതേക്കുറിച്ച് മിണ്ടാത്തത്. വിശ്വാസം, അമ്പലം എന്നൊക്കെ പറയുന്ന ബി.ജെ.പിയാണ് സി.പി.എമ്മുമായി ചേര്‍ന്ന് ഉത്സവം കലക്കി ജയിക്കാന്‍ ശ്രമിച്ചത്. അന്തിക്കാട് മേഖലയില്‍ രാജീവ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പോലും മാറാതിരുന്ന സി.പി.എം വോട്ടുകളാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്. എവിടെയാണ് വോട്ട് ചോര്‍ന്നതെന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനോട് ചോദിച്ചാല്‍ പറഞ്ഞു തരും.

സി.പി.ഐയും ഘടകകക്ഷികളും പറഞ്ഞിട്ടും ആരോപണ വിധേയരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ യു.ഡി.എഫ് നിയമപരമായ മാര്‍ഗങ്ങള്‍ തേടും. പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ 24-ന് സമരം നടക്കും. 28-ന് തേക്കന്‍കാട് മൈതാനത്ത് പ്രതിഷേധം സമ്മേളനം സംഘടിപ്പിക്കും. മുന്നണി യോഗം ചേര്‍ന്ന് യു.ഡി.എഫിന്റെ സമര പരിപാടികളും പ്രഖ്യാപിക്കും. കെ.പി.സി.സിയുടെ സമരം അധ്യക്ഷന്‍ പ്രഖ്യപിക്കും. ആര്‍.എസ്.എസ് നേതാക്കളുമായി ആര്‍.എസ്.എസ് നേതാവുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോഴും അതിന് എന്താ കുഴപ്പമെന്നാണ് സി.പി.എം നേതാക്കള്‍ ചോദിച്ചത്. പിണറായി ആഭ്യന്തരമന്ത്രിയായി ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി പ്രതിപക്ഷ നേതാവിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ പിണറായി വിജയന് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. കൈരളി പറയുന്നത് പോലെ ഒന്നിനും കൊള്ളാത്ത ആളാണ് പിണറായി വിജയനെന്ന് ഞാന്‍ പറയില്ല. അന്‍വര്‍ പറഞ്ഞതിന്റെ പകുതി കാര്യങ്ങള്‍ അന്വേഷിക്കും. പകുതി അന്വേഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

കേരളത്തിലെ സി.പി.എമ്മിന്റെ നിലപാടിനെ കുറിച്ച് നേരത്തെയും യു.ഡി.എഫ് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്കു വേണ്ടി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ദേശീയ തലത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ചവരാണെന്ന് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്തും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടി ബി.ജെ.പിയുമായി അവിഹതിമായ ബാന്ധവം ഉണ്ടാക്കി. പ്രതിപക്ഷ ആരോപണം ഇപ്പോള്‍ ശരിയാണെന്നു വ്യക്തമായി. എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് ബി.ജെ.പി മന്ത്രിയുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവും ശരിയാണെന്നു തെളിഞ്ഞു. ആദ്യം നിഷേധിച്ചെങ്കിലും തെളിവ് ഹാജരാക്കിയപ്പോള്‍ രണ്ടു പേരും സമ്മതിച്ചു. ഞങ്ങള്‍ തമ്മില്‍ ബിസിനസ് ബന്ധമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്താ കോണ്‍ഗ്രസെ എന്നാണ് ചോദിച്ചത്. ബി.ജെ.പി സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറിനെ എല്‍.ഡി.എഫ് കണ്‍വീനര്‍ കണ്ടതിന് മുഖ്യമന്ത്രി ന്യായീകരിച്ചു. ഞാനും കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി സംഘടനാ ചുമതലയുള്ള പ്രഭാരിയെ അഞ്ചാറ് തവണ കണ്ടത് എന്തിനു വേണ്ടിയായിരുന്നു? എന്തായിരുന്നു ചര്‍ച്ചയെന്നും പറയട്ടെ. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായാണ്. തൃശൂരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നാണ് മുഖ്യമന്ത്രി ദൂതന്‍ വഴി അറിയിച്ചത്. പൂരം കലക്കാനുള്ള ചര്‍ച്ചയാണ് അവര്‍ തമ്മില്‍ നടത്തിയതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്.

സി.പി.എമ്മിന് ആര്‍.എസ്.എസുമായി ഒരു തര്‍ക്കവുമില്ല. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ആരും അറിയാതെ മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലേ? ഇക്കാര്യം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി നിയമസഭയില്‍ ചോദിച്ചിട്ടും മറുപടി പറഞ്ഞില്ലല്ലോ? കുറെക്കാലമായി നമ്മളൊക്കെ അറിഞ്ഞും അറിയാതെയും ഇവര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. പലതും പിന്നീടാണ് പുറത്തു വരുന്നത്. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് ആദ്യം നിഷേധിച്ച ആര്‍.എസ്.എസ് ഇപ്പോള്‍ നിഷേധിക്കുന്നില്ലല്ലോ. ഇതിനു പിന്നാലെയാണ് എ.ഡി.ജി.പി റാംമാധവിനെ തിരുവനന്തപുരത്ത് കണ്ടെന്ന വാര്‍ത്തയും പുറത്തു വന്നത്. ആര്‍.എസ്.എസ് നേതാക്കളെ കാണാന്‍ ഈ എ.ഡി.ജി.പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയരിക്കുകയാണോ? മുഖ്യമന്ത്രിയുടെ ദൂതനായി തന്നെയാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. അന്വേഷണത്തിന് ശേഷവും എ.ഡി.ജി.പിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കില്ല. അന്വേഷണങ്ങളൊക്കെ പ്രഹസനങ്ങളാണെന്ന് വ്യക്തമായി. ഡി.ജി.പിയുടെ അന്വേഷണം നടക്കുമ്പോഴാണ് ഇവര്‍ ആരും ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അന്വേഷണം നടക്കുമ്പോള്‍ മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞാണ് ഡി.ജി.പി ഓഫീസിലെ ഡി.വൈ.എസ്.പിയെ മാറ്റിയത്. അപ്പോള്‍ എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ അയാളെ മാറ്റി നിര്‍ത്തണ്ടേ?

കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു മന്ത്രി ഇപ്പോഴും മന്ത്രിസഭയിലുണ്ട്. ലീഗ് പാരമ്പര്യമുള്ള ജലീലും നേരത്തെ മന്ത്രിയായിരുന്നു. അവര്‍ക്കും കോണ്‍ഗ്രസിന്റെ സ്വഭാവമാണോ? അങ്ങനെയെങ്കില്‍ എന്തിനാണ് തോളില്‍ വച്ചുകൊണ്ട് നടക്കുന്നത്? മുഖ്യമന്ത്രിക്കെതിരെയാണ് ഭരണകക്ഷി എം.എല്‍.എ നിരന്തരം പത്രസമ്മേളനം നടത്തിയത്. ഇതാണോ മുഖ്യമന്ത്രയുടെ ഇരട്ടച്ചങ്ക് എന്നു പറയുന്നത്. ഭയമുള്ളതു കൊണ്ടായിരിക്കാം നടപടി എടുക്കാത്തത്. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ എം.എല്‍.എയ്‌ക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ചിട്ടും അയാള്‍ അവിടെ തുടരുന്നുവെന്നാല്‍ അയാളെ ഭയപ്പെടുന്നു എന്നല്ലാതെ എന്താണ് പറയേണ്ടത്?

More Stories from this section

family-dental
witywide