മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ കമ്പനിയായ എക്‌സാ ലോജിക്കിന് എതിരായ ഇഡി അന്വേഷണം മൂന്ന് വര്‍ഷം പുറം ലോകം അറിയാതിരുന്നത് സിപിഎം ബിജെപി രഹസ്യ ധാരണയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്ക്ക് എതിരായ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍
1. കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍ഒസി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിനു മുന്‍പ്, 2021 ല്‍ ഇ ഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് മൂന്ന് വര്‍ഷം ഇ ഡി അന്വേഷണം മൂടിവച്ചത്? സിപിഎം- ബിജെപി ധാരണ പ്രകാരമല്ലേ എക്സാലേജിക്കിന് എതിരായ ഇ ഡി അന്വേഷണം തടസപ്പെട്ടത്? ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബിജെപി നേതാക്കള്‍ക്കും ഈ ചോദ്യത്തിന് ഉത്തരം നല്‍കാവുന്നതാണ്.
2. ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെഅതു തെറ്റാണെന്ന് വ്യക്തമായി. ഏതൊക്കെ ഏജന്‍സികളാണ് മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ?
3. സിഎംആര്‍എല്ലിനെ കൂടാതെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ മാസപ്പടി അയച്ചിട്ടുണ്ടെന്ന് ആര്‍ഒസി കണ്ടെത്തിയിട്ടുണ്ട്. സിഎംആര്‍എല്ലിനെ കൂടാതെ എക്സാലോജിക്കിന് മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോ?
4. എക്സാലോജിക്കിന് മാസപ്പടി നല്‍കിയ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5. കരിമണല്‍ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവര്‍ ഇന്ത്യയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആര്‍ഒസി പറയുന്നു. എംപവര്‍ നല്‍കിയ വായ്പ മുഴുവനായി എക്സാലോജിക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആ പണം പിന്നെ എവിടെ പോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ?
Opposition leader VD Satheesan’s 5 Questions to Pinarayi