ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. സമ്മേളനത്തിന്റെ തുടക്കത്തില്‍ ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ്. അദ്യം സത്യപ്രതിജ്ഞ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. രണ്ട് ദിവസം സഭയില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രമായിരിക്കും നടക്കുക. ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എഴുന്നേറ്റപ്പോള്‍ സഭയില്‍ ബഹളമായിരുന്നു.
സത്യപ്രതിജ്ഞാ ടേബിളിലേക്ക് ധര്‍മ്മേന്ദ്ര പ്രധാന്‍ നടക്കുമ്പോള്‍ നീറ്റ്, നീറ്റ്, നെറ്റ് എന്നൊക്കെ പ്രതിപക്ഷ അംഗങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ബഹളത്തിനിടയിലായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
നീറ്റ് പരീക്ഷയിലും നെറ്റ് പരീക്ഷയിലും നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമാണ് ഇന്നും ദില്ലിയില്‍ ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുമ്പില്‍ എന്‍.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മൂന്നാം ഊഴത്തിന്റെ തുടക്കത്തില്‍ തന്നെ മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നെറ്റ്-നീറ്റ് വിവാദം.