രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തയ്യാറെടുത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം. സമാജ്‌വാദി പാർട്ടിയും (എസ്‌പി), തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെ ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളുടെ പിന്തുണയോടെ കോൺഗ്രസാണ് പ്രമേയം അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം തയ്യാറായതായും 70 അംഗങ്ങൾ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അവിശ്വാസ പ്രമേയം നാളെ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
രാജ്യസഭയിൽ നടക്കുന്ന ചർച്ചകളിൽ ചെയർമാൻ പക്കഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. തിങ്കളാഴ്ച രാജ്യസഭയിൽ ജോർജ്ജ് സോറോസിൻ വിഷയത്തിൽ നടന്ന ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങൾ ചെയർമാനുമായി നിരവധി തവണ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെടുത്തുന്നുവെന്നും നിർണായക വിഷയങ്ങളിൽ മതിയായ സംവാദങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിവാദ ചർച്ചകളിൽ ഭരണകക്ഷിയെ ചെയർമാൻ അനുകൂലിക്കുന്നതായും പ്രതിപക്ഷ അംഗങ്ങൾ പരാതി ഉന്നയിച്ചു.
രാജ്യസഭാ ചെയർമാനെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ 50 അംഗങ്ങളുടെ ഒപ്പ് വേണമെന്നാണ് ചട്ടം. ധൻഖറിനെതിരായ പ്രമേയത്തിൽ 70 അംഗങ്ങൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. പാർലമെൻ്റിൻ്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ സ്പീക്കറെ നീക്കം ചെയ്യാനുള്ള നിർദ്ദേശം പ്രതിപക്ഷം കൊണ്ടുവന്നിരുന്നുവെങ്കിലും ചർച്ചകളെ തുടർന്ന് അത് പ്രതിപക്ഷം തന്നെ മരവിപ്പിക്കുകയായിരുന്നു.