കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. തർക്കവിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറുന്നുവെന്ന് വാർത്താക്കുറിപ്പിൽ സഭ ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും വിമർശമനം.
നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. പരസ്യമായി ഒരു വിഭാഗത്തെ അവഹേളിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ‘ആട്ടിൻ തോലിട്ട ചെന്നായ’ എന്ന പ്രയോഗം ആരെ കുറിച്ചാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രിയുടെ പ്രസ്താവന കലാപ ആഹ്വാനത്തിനുള്ള ശ്രമമായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാകില്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് കേരളം ഭരിക്കുന്നവർ മനസിലാക്കണമെന്നും വിമർശനം.
കഴിഞ്ഞ ദിവസം പുത്തൻകുരിശ് യാക്കോബായ സുറിയാനി സഭയുടെ പരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് വിമർശനം. സഭയുടെ വിശ്വാസ പാരമ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സഭയുടെ അസ്തിത്വം നിലനിർത്തുമെന്നും അതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെ സഭാ പ്രശ്‌നത്തിൽ അന്തിമ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.