പത്തനംതിട്ട: ബിജെപിയിൽ ചേർന്ന ഫാ.ഷൈജു കുര്യനെതിരെ ഓർത്തഡോക്സ് സഭയുടെ നടപടി. നിലയ്ക്കൽ ഭദ്രാസനം ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. വൈദികനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കണമെന്നും കൗൺസിൽ ശുപാർശചെയ്തു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ. ഷൈജു.
കഴിഞ്ഞ മാസം 30 നാണ് ഷൈജു കുര്യൻ കേന്ദ്ര മന്ത്രി വി. മുരളിധരനിൽ നിന്ന് ബിജെപി അംഗത്വ മെടുത്തത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നടപടിയെന്നാണ് വിലയിരുത്തൽ. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശവും നടപടിയിലേക്ക് വഴിവച്ചു. ശബ്ദസന്ദേശം സഭാ വിശ്വാസികൾക്കിടയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.
ഭദ്രാസന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷൈജു കുര്യനെ ഒഴിവാക്കിയതിന് പുറമെ നിലയ്ക്കൽ ഭദ്രാസന സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി വേറൊരു വൈദികനെ നിയമിക്കുവാൻ തീരുമാനിച്ചു.
“ഫാ.ഷൈജു കുര്യനെതിരായ അന്വേഷണത്തിന് ഒരു കമ്മീഷനെ നിയമിക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് അപേക്ഷിക്കും. കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകുന്ന കാലഘട്ടത്തിൽ അദ്ദേഹത്തെ ചുമതലകളിൽ നിന്നും നീക്കി,” കൗൺസിൽ വ്യക്തമാക്കി.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വൈദികസ്ഥാനത്തുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ ഭദ്രാസന അധ്യക്ഷന്റെയോ അനുമതി വാങ്ങേണ്ടതുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും താത്പര്യങ്ങളുടെ പേരിൽ അനുമതിയില്ലാതെ മാധ്യമങ്ങളിൽ ചർച്ചയ്ക്കെത്തുന്നത് സഭയുടെ കെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാൽ, അത്തരം സമീപനങ്ങളിൽ നിന്ന് വെെദികർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.