ചെറുകാറുകളുടെ ‘വിപ്ലവകാരി’, ഇന്ത്യൻ നിരത്തിനെ പ്രകമ്പനം കൊള്ളിച്ച ‘800’ വിപ്ലവത്തിന്‍റെ ഉപജ്ഞാതാവ്; സുസുകി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി ഇനിയില്ല

ടോക്കിയോ: സുസുകി മോട്ടോര്‍സിനെ ജനപ്രീയമാക്കിയ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി (94) ഇനിയില്ല. കാന്‍സര്‍ രോഗബാധിതനായിരുന്ന ഒസാമു അന്തരിച്ചു. ഡിസംബർ 25 നാണ് അദ്ദേഹം മരണപ്പെട്ടതെന്നും അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം വ്യക്തമാക്കി. സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് ഒസാമുവിനെ പലരും വിശേഷിപ്പിക്കാറുള്ളത്.

ചെറുകാറുകളുടെ വിപ്ലവം സൃഷ്ടിച്ചതിലൂടെയാണ് ഒസാമു, ലോക വിപണിയിൽ സുസുകിയുടെ മുന്നേറ്റം സൃഷ്ടിച്ചത്. ഇന്ത്യൻ നിരത്തുകളിൽ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന് പിന്നിലെ ബുദ്ധികേന്ദ്രവും ഒസാമു ആയിരുന്നു. 1983 ല്‍ ഇന്ത്യന്‍ വിപണിയില്‍ സുസുകിയെ എത്തിച്ച്, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നാക്കി മാറ്റിയെടുത്തതും മറ്റാരുമായിരുന്നില്ല.

ജപ്പാനിലെ ജിഫിയില്‍ 1930 ല്‍ ജനിച്ച ഒസാമ സുസുകി 1958 ലാണ് സുസുകി മോട്ടോര്‍സിലെത്തുന്നത്. സുസുക്കി സ്ഥാപകൻ മിഷിയോ സുസുകിയുടെ പേരക്കുട്ടിയായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് ഒസാമു, സുസുക്കി കുടുംബത്തിലെത്തിയത്. അനന്തരാവകാശിയാകാൻ ആൺകുട്ടികളില്ലാതിരുന്നതിനാൽ ദത്തെടുക്കൽ വിവാഹമായിരുന്നു അത്. ശേഷം സുസുകി എന്ന കുടുംബപ്പേര് അദ്ദേഹത്തിനും സ്വന്തമായി. 1958 ൽ ജൂനിയർ മാനേജറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം അഞ്ച് വർഷങ്ങൾക്കിപ്പുറം 1963 ൽ സുസുകിയുടെ ഡയറക്ടർ സ്ഥാനത്തെത്തി. 15 വർഷങ്ങൾക്കിപ്പുറം 1978 ൽ സുസുകിയുടെ പ്രസിഡന്റും സി ഇ ഒയുമായതോടെയാണ് അദ്ദേഹത്തിന്‍റെ ‘കാർ വിപ്ലവം’ തുടങ്ങുന്നത്. ഒടുവിൽ 2000 ൽ ചെയർമാൻ സ്ഥാനവും ഏറ്റെടുത്ത ഒസാമു 2021 ലാണ് സ്ഥാനം ഒഴിഞ്ഞത്. സ്ഥാനം ഒഴിഞ്ഞശേഷവും കമ്പനിയുടെ മെന്‍ററായി ഒസാമു എന്നും ഉണ്ടായിരുന്നു.

More Stories from this section

family-dental
witywide