എ.ആർ. റഹ്മാനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ രാം ഗോപാൽ വർമ. ഓസ്‌കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘സ്ലം ഡോഗ് മില്യണയറിലെ ‘ജയ് ഹോ’ എന്ന ഗാനം എആർ റഹ്മാന്‍ ചിട്ടപ്പെടുത്തിയതല്ലെന്നാണ് രാം ഗോപാൽ വർമയുടെ വെളിപ്പെടുത്തൽ. ഫിലിം കമ്പാനിയൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
2008ല്‍ പുറത്തിറങ്ങിയ യുവ്‌രാജ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആദ്യം ചിട്ടപ്പെടുത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജയ് ഹോ ചിട്ടപ്പെടുത്തിയത് എ.ആര്‍. റഹ്‌മാനല്ല, സുഖ്‌വിന്ദര്‍ സിങ് ആണെന്നാണ് രാം ഗോപാൽ വർമ പറയുന്നത്.
സല്‍മാന്‍ ഖാനും കത്രീന കൈഫും അഭിനയിച്ച യുവ്‌രാജ് എന്ന ചിത്രത്തില്‍ ഈ ഗാനം അനുയോജ്യമായി തോന്നാത്തതുകൊണ്ട് സംവിധായകന്‍ സുഭാഷ് ഘായി ഉപേക്ഷിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ റഹ്‌മാന്‍ അത് സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയില്‍ ഉപയോഗിച്ചു.
‘ആ സമയത്ത് റഹ്‌മാന്‍ ലണ്ടനിലായിരുന്നു. സംവിധായകന്‍ തിരക്കുകൂട്ടിയപ്പോഴാണ് പാട്ട് ചെയ്യാന്‍ സുഖ്‌വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് ജയ് ഹോ പിറന്നത്. പിന്നീട് ചിത്രത്തില്‍ നിന്നും പാട്ട് ഒഴിവാക്കി. തൊട്ടടുത്ത വര്‍ഷം സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോല്‍ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചെന്നും എന്ത് ധൈര്യത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് റഹ്‌മാനോട് ചോദിച്ചുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു. ‘സര്‍, നിങ്ങള്‍ എന്റെ പേരിനാണ് പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാന്‍ അംഗീകരിച്ചാല്‍ അത് എന്റെ പേരില്‍ തന്നെയാകും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോള്‍ പാട്ടൊരുക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും,’ എന്നായിരുന്നു റഹ്‌മാന്റെ പ്രതികരണമെന്നും രാം ഗോപാല്‍ വര്‍മ ഓര്‍ത്തെടുത്തു.