ഒറ്റക്കൊമ്പന് കേന്ദ്രത്തിന്റെ വെട്ട്, മന്ത്രി സുരേഷ് ഗോപി താടിയെടുത്തു

തൃശ്ശൂർ: തിരഞ്ഞെടുപ്പു കാലം തൊട്ട് കൊണ്ടുനടന്ന താടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിവാക്കി. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽ നിന്ന് അനുമതി കിട്ടാത്തതാണ് കാരണം. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം.

കേന്ദ്രമന്ത്രിക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലിക്ക് നിയമതടസ്സമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിനയത്തിനുള്ള അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറിൽ അനുമതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ.

സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻതന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന്‌ അദ്ദേഹം കുറിച്ചു.

സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങൾ പാലാ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് തിരുനാൾ. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവർഷത്തെ പെരുന്നാൾ ദിനങ്ങളിൽ ചിത്രീകരിച്ചിരുന്നു.

ഇറ്റലിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ സുരേഷ് ഗോപി പങ്കെടുക്കുന്നുണ്ട്. തിരിച്ചെത്തിയാലുടൻ പാർലമെന്റ് സമ്മേളനം തുടങ്ങും. സമ്മേളനം ഡിസംബർ പകുതിയോടെയേ അവസാനിക്കൂ. അതിനാൽ, പെരുന്നാളിനോടനുബന്ധിച്ചുള്ള ഷൂട്ടിങ്ങിന് ഒരുവർഷം കൂടി കാത്തിരിക്കേണ്ടി വരും.

More Stories from this section

family-dental
witywide