ട്രംപിൻ്റെ വിജയം, മസ്കിൻ്റെ രാഷ്ട്രീയ പ്രവേശം: 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കൾ X ഉപേക്ഷിച്ചു

ന്യൂയോർക്ക്: യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ സാമൂഹികമാധ്യമമായ ‘എക്സി’ൽ നിന്ന് ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കൾ എക്സ് ഉപേക്ഷിച്ചു.

വെബ്സൈറ്റിൽക്കയറി അക്കൗണ്ടുപേക്ഷിച്ചവരുടെ കണക്കാണിത്. മൊബൈൽ ഉപയോക്താക്കളുടെ കണക്കെടുത്തിട്ടില്ലെന്ന് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ സിമിലർ വെബ്ബിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടുചെയ്തു.

‘ബ്ലൂസ്കൈ’ പോലുള്ള സമാന മാധ്യമങ്ങളിലേക്കാണ് എക്സ് ഉപയോക്താക്കൾ ചേക്കേറുന്നത്. ട്രംപിന്റെ മുഖ്യപ്രചാരകരിൽ ഒരാളും അദ്ദേഹം പുതുതായി തുടങ്ങിയ കാര്യക്ഷമതാവകുപ്പിന്റെ മേധാവിയുമായ ഇലോൺ മസ്കാണ് എക്സിന്റെ ഉടമ.

മസ്ക് ട്രംപിന്റെ പ്രചാരണത്തിൽ സജീവമായതോടെയാണ് എക്സ്‌ വിടുന്ന പ്രവണത കുത്തനെയുയർന്നത്. 90 ദിവസത്തിനിടെ ബ്ലൂസ്കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി. ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്കൈക്ക് കിട്ടിയത്. യുഎസ് തിരഞ്ഞെടുപ്പിലെ മസ്കിന്റെ സ്വാധീനത്തിൽ ആശങ്കപ്രകടിപ്പിച്ച് എക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്നതായി ബ്രിട്ടിഷ് മാധ്യമമായ ‘ദ ഗാർഡിയൻ’ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

Over 1.15 lakh US users abandon X due to trump win

More Stories from this section

family-dental
witywide