
ടെഹ്റാൻ: ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപം നടന്ന ഇരട്ട സ്ഫോടനത്തിൽ മരണം നൂറു കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇതുവരെ 103 പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 170ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇറാന്റെ ദേശീയ ആരോഗ്യ വിഭാഗം അറിയിക്കുന്നത്.
അമേരിക്ക വധിച്ച മുൻ ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികാചരണത്തിന് ഒത്തുകൂടിയവർക്കിടയിലാണ് ഇന്ന് വൈകീട്ട് ഇരട്ട സ്ഫോടനം നടന്നത്. കെര്‍മന്‍ പ്രവിശ്യയിലുണ്ടായത് ഭീകരാക്രമണമാണെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശവകുടീരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു രണ്ടാം സ്‌ഫോടനം. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്റെ ഐആര്‍ജിസി( ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്‌സ്) തലവനായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.
അതേസമയം, ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽ അവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ. കിയാനുഷ് ജഹാൻപുർ. ഈ രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും ഇറാൻ ജനതയുടെയും വേദന പരിഹരിക്കാൻ ഇതല്ലാതെ മാർഗമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.