ദില്ലി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനായി നടന്ന വോട്ടെടുപ്പിൽ 20 ബി ജെ പി എം പിമാർ പങ്കെടുക്കാത്തത് നേതൃത്വത്തിന് ഞെട്ടലായി. ഇതിന് പിന്നാലെ വോട്ടെടുപ്പിൽ പങ്കെടുക്കാത്ത പാർട്ടി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള തീരുമാനത്തിലാണ് ബി ജെ പി ദേശീയ നേതൃത്വമെന്ന് റിപ്പോർട്ട്. ബില്ല് അവതരണത്തിന്റെ വോട്ടെടുപ്പിൽ 269 വോട്ടുകളാണ് ഭരണപക്ഷത്തിന് കിട്ടിയത്. എൻഡിഎയ്ക്ക് 293 സീറ്റുകൾ ഉണ്ടെന്നിരിക്കെ 20 ബി ജെ പി എംപിമാർ വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാർട്ടി കണ്ടെത്തിയത്.
അനുമതി വാങ്ങാതെ സഭയിൽ വരാതിരുന്ന എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം. സഭയിൽ ഹാജരാകാൻ നിർദ്ദേശിച്ച് എം പിമാർക്ക് ബി ജെ പി വിപ്പ് നല്കിയിരുന്നു. സർക്കാരിന് ലോക്സഭയിൽ ഭൂരിപക്ഷമില്ലെന്ന് തെളിഞ്ഞതായി വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് പരിഹസിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസിലേക്ക് നേതൃത്വം കടന്നതെന്നാണ് വ്യക്തമാകുന്നത്.