മോദിയെ കാണാൻ അമേരിക്കയിലെ ഇന്ത്യാക്കാർ, 24 ന് ന്യൂയോർക്കിൽ വമ്പൻ പരിപാടി, കാൽലക്ഷത്തിലധികം പേ‍ർ രജിസ്റ്റർ ചെയ്തു!

വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിക്കും യു എൻ ഉച്ചകോടിക്കുമായി അടുത്ത ആഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. 2024 ലെ ക്വാഡ് ഉച്ചകോടിക്കും യു എൻ ഉച്ചകോടിക്കുമായി മോദി സെപ്തംബർ 20 നാകും അമേരിക്കയിലെത്തുകയെന്നാണ് സൂചന. 21 നാണ് ക്വാഡ് ഉച്ചകോടി ആരംഭിക്കുക. 4 ദിവസത്തോളമുള്ള അമേരിക്കൻ സന്ദർശനത്തിൽ സെപ്തംബ‍ർ 24 ന് ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. ചടങ്ങിന് ഇതുവരെ രജിസ്റ്റർ ചെയ്തത് കാൽലക്ഷത്തിലേറെ ഇന്ത്യക്കാരാണെന്നാണ് ഔദ്യോഗിക കണക്ക്. വരും ദിവസങ്ങളിലും രജിസ്ട്രേഷനിൽ വലിയ കുതിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം 2024 ലെ ക്വാഡ് ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ആതിഥേയത്വം വഹിക്കുക. ഈ മാസം 21ന് ഡെലവെയറിലെ വിൽമിങ്ങ്ടണിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം ശക്തിപ്പെടുത്തല്‍, ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ക്വാഡ് രൂപീകരിച്ചിട്ട് 20 വർഷം പിന്നിടുന്നുവെന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്.

ഇന്ത്യയിലായിരുന്നു ഇക്കുറി ക്വാഡ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാൽ ജോ ബൈഡന്റെ ക്യാമ്പയിന്‍ തിരക്കുകളും ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇത് ജോ ബൈഡന്റെ ജന്മനാടായ ഡെലവെയറിലേക്ക് മാറ്റുകയായിരുന്നു. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ക്വാഡിന് ശേഷം സെപ്തംബർ 22, 23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യു എൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ശേഷമാണ് ഇന്ത്യൻ സമൂഹവുമായി 24 ന് ന്യൂയോർക്കിലെ മോദിയുടെ കൂടിക്കാഴ്ച.