അഗർത്തല: ആഴ്‌ചകളായി വ്യാപകമായ പ്രതിഷേധം നടക്കുന്ന ബംഗ്ലാദേശിലെ സാഹചര്യം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ, ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരിച്ചെത്തിച്ചു. വെള്ളിയാഴ്ച മാത്രം വടക്കുകിഴക്കൻ അതിർത്തികളിലൂടെ 300 ഓളം പേർ ഇന്ത്യയിലേക്ക് തിരിച്ചെത്തി. സർക്കാർ ജോലികളിൽ സംവരണം പുനഃസ്ഥാപിക്കുന്നതിനെച്ചൊല്ലി ബംഗ്ലാദേശിലുടനീളമുള്ള വിദ്യാർത്ഥികൾ സുരക്ഷാ സേനയുമായും സർക്കാർ അനുകൂല പ്രവർത്തകരുമായും നടത്തിയ ഏറ്റുമുട്ടലിൽ 100 ലധികം പേർ മരിച്ചു.
മൂന്നാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധം തിങ്കളാഴ്ച ധാക്ക സർവകലാശാലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ കൂടുതൽ രൂക്ഷമായി. അടുത്ത ദിവസം ആറ് പേർ കൊല്ലപ്പെട്ടതോടെ രാജ്യത്തുടനീളമുള്ള സർവകലാശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.
മടങ്ങിയെത്തിയവരിൽ പലരും എംബിബിഎസ് ബിരുദ വിദ്യാർത്ഥികളാണ്. അവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ത്രിപുരയിലെ അഗർത്തലയ്ക്കടുത്തുള്ള അഖുറയിലെ അന്താരാഷ്ട്ര ലാൻഡ് പോർട്ടും മേഘാലയയിലെ ദൗകിയിലെ അന്താരാഷ്ട്ര ലാൻഡ് പോർട്ടുമാണ് വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് മടങ്ങാൻ ഉപയോഗിച്ച രണ്ട് പ്രധാന റൂട്ടുകൾ.
സ്ഥിതിഗതികൾ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കുകയായിരുന്നുവെന്നും, എന്നാൽ വ്യാഴാഴ്ച മുതൽ ഇൻ്റർനെറ്റ് പൂർണ്ണമായും അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് താൽക്കാലികമായി ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചതെന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത് ടെലിഫോൺ സേവനങ്ങളെയും സാരമായി ബാധിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള മാർഗം അടഞ്ഞതാണ് തിരിച്ച് പോരാൻ ഇവരെ പ്രേരിപ്പിച്ചത്.