ബംഗളൂരു: കര്‍ണാടകയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. താപനില ഉയര്‍ന്ന മാര്‍ച്ച് മുതല്‍ രണ്ട് മരണങ്ങളും 521 സൂര്യാഘാത കേസുകളും കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 1 നും ഏപ്രില്‍ 3 നും ഇടയില്‍ ബാഗല്‍കോട്ട്, കലബുറഗി ജില്ലകളില്‍ ഓരോരുത്തര്‍ വീതമാണ് സൂര്യാഘാതമരണത്തിനിരയായത്. ചിക്കബെല്ലാപുര, ബാഗല്‍കോട്ട്, ചിത്രദുര്‍ഗ, മണ്ഡ്യ എന്നിവ ഉള്‍പ്പെടെയുള്ള ജില്ലകളെയാണ് ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ചിക്കബെല്ലാപുരയില്‍ 102, ബാഗല്‍കോട്ടില്‍ 69, ചിത്രദുര്‍ഗയില്‍ 56, മണ്ഡ്യയില്‍ 54 എന്നിങ്ങനെയാണ് സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഉയര്‍ന്ന താപനില തുടരുന്ന കര്‍ണ്ണാടകയില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (കെഎസ്ഡിഎംഎ) ഉഷ്ണതരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്കും 3 മണിക്കും ഇടയില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം. വസ്ത്രധാരണത്തിലും ശരീരത്തില്‍ ജലാശം നിലനിര്‍ത്തുന്നതിലും ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. സണ്‍ഗ്ലാസുകള്‍, കുടകള്‍, തൊപ്പികള്‍ എന്നിവ ഉപയോഗിക്കാനും, ശരീരത്തെ വേഗത്തില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്ന കഫീന്‍, കാര്‍ബണേറ്റഡ്, ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഭൂമിശാസ്ത്രപരമായി വിവിധ ഇടങ്ങളില്‍ 75 ശതമാനവും പരമാവധി താപനില 36 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കലബുറഗി, യാദ്ഗിര്‍, റായ്ച്ചൂര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ 43 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.