മോസ്കോ: മോസ്കോയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കടന്നു. പരുക്കേറ്റവരുടെ എണ്ണം 145 ആയി. റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ നടന്ന കാർ ചേസിങ്ങിനെ തുടർന്ന് മാരകമായ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാല് തോക്കുധാരികൾ ഉൾപ്പെടെ 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. റഷ്യയെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്‌ഫോടനങ്ങളും നടന്നു. സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്.
അതേസമയം, മോസ്‌കോയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അമേരിക്ക പ്രതികരിച്ചു. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷ്ണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിൻ വാട്സൺ വ്യക്തമാക്കി.