കുവൈത്ത് ദുരന്തത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ഓവർസീസ് കോൺഗ്രസ്

ഷിക്കാഗോ: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് സംഭവിച്ച ദുരന്തത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, കേരളാഘടകം ആദരാജ്ഞലികൾ അർപ്പിക്കുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തു. പരുക്കേറ്റവർക്ക് വേണ്ടത്ര ചികിത്സ ഉറപ്പാക്കുവാനും കുവൈത്തിലെ ഇന്ത്യൻ എംബസി മുൻകൈ എടുത്തു വേണ്ടതു ചെയ്യണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു. ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുവാതിരിക്കുവാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിൽ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ആവശ്യമായ പരിശോധനകളും മുൻ കരുതലുകളും ലേബർ ക്യാമ്പുകളിൽ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ജൂൺ 12ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

അതേസമയം, ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്ന 13 പേരും നിലവിൽ വാർഡുകളിലാണ്. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. 14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.