ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ : 160 സാക്ഷികളും 150 തൊണ്ടിമുതലുകളും, കയ്യക്ഷരം മുതല്‍ രേഖാചിത്രംവരെ…എല്ലാം സഹായിച്ച കേസ്

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിവൈ.എസ്.പി. എം.എം.ജോസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍ നിന്ന് കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ടാണ് ട്യൂഷനു പോകുകയായിരുന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട സംഘം 10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും കുട്ടിക്കായുള്ള തിരച്ചില്‍ വ്യാപകമാകുകയും ചെയ്തതോടെ പിറ്റേദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനിയില്‍ കുട്ടിയെ പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു.

പൊലീസും ആഭ്യന്തരവകുപ്പും വലിയ രീതിയിലുള്ള പഴി കേള്‍ക്കേണ്ടി വന്ന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ദമ്പതികളും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലാകുകയും ചെയ്തു. നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിച്ച പൊലീസ് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51), ഭാര്യ അനിത(39), അനുപമ(21) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

കടബാധ്യത തീര്‍ക്കാന്‍വേണ്ടി മൂന്നുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റം എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ജീവപര്യന്തംമുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മരണഭയം ഉണ്ടാക്കി മോചനദ്രവ്യം തട്ടാന്‍ ശ്രമിച്ചെന്നതും മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമവും പ്രധാന കുറ്റങ്ങളാണ്. കുട്ടിയുടെയും സഹോദരന്റെയും മൊഴി, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിളിയുടെ ശബ്ദരേഖ, കൈയക്ഷര പരിശോധനാ ഫലം തുടങ്ങിയവയാണ് കേസിലെ പ്രധാന തെളിവുകള്‍. 160 സാക്ഷികളും 150 തൊണ്ടിമുതലുകളും കേസിനെ സഹായിച്ചു. മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച അനിതാകുമാരിയുടെ ശബ്ദവും, കുട്ടിയുടെ സഹോദരന്‍ അടയാളം പറഞ്ഞുകൊടുത്ത് വരപ്പിച്ച രേഖാ ചിത്രവും അടക്കം കേസിനെ സഹായിച്ച ഘടകങ്ങളാണ്. മാത്രമല്ല, റെക്കോര്‍ഡ് വേഗത്തിലാണ് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

അതേസമയം, ഏഴുപതുദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല.

More Stories from this section

family-dental
witywide