‘പൂന്തുറ കലാപം വഷളാക്കാൻ കാരണമായി, മദനി പിന്നീട് തിരുത്തി’; കണ്ണുകാണാത്തയാള്‍ ആനയെക്കുറിച്ച് പറയുംപോലെ വിമർശനങ്ങളെന്നും പി ജയരാജൻ

കോഴിക്കോട്: ‘കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങളോട് പ്രതികരിച്ച് രചയിതാവും സി പി എം നേതാവുമായി പി ജയരാജൻ രംഗത്ത്. പുസ്തക പ്രകാശന വേദിയിലാണ് പി ജയരാജൻ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. അബ്ദുൾ നാസർ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് ജയരാജൻ വ്യക്തമാക്കി. മദനിയുടെ പ്രസംഗത്തില്‍ ഒരുകാലത്ത് മതതീവ്രവാദ ആശയങ്ങള്‍ ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിന്നീട് മദനി നിലപാടില്‍ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തില്‍ ഉള്ളതെന്നും ജയരാജൻ വിവരിച്ചു. മദനിയെക്കുറിച്ച്‌ പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ പുസ്തകത്തിൽ മദനിയെയും പരാമർശിച്ചിട്ടുണ്ടെന്നേയുള്ളുവെന്നും വിമർശകരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു.

അബ്ദുല്‍ നാസര്‍ മദനിയെ അപമാനിച്ചെന്ന് പറയുന്നത് കണ്ണുകാണാത്തയാള്‍ ആനയെക്കുറിച്ച് പറയുംപോലെയെന്നു പി ജയരാജന്‍ കൂട്ടിച്ചേർത്തു. മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും പിന്നീട് നിലപാട് മാറ്റിയെന്നും പുസ്തകത്തിലുണ്ട്. 2008 ല്‍ എഴുതിയ പുസ്തകത്തിലും മദനിയുടെ ഒരു കാലത്തെ പ്രസംഗങ്ങളെ വിമര്‍ശിച്ചിട്ടുണ്ടെന്നു ജയരാജന്‍ വിവരിച്ചു. പൂന്തുറ കലാപ കാലഘട്ടമടക്കം ചൂണ്ടികാട്ടിയാണ് മദനി ഒരുകാലത്ത് മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നത് പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ജയരാജൻ വ്യക്തമാക്കി.

1998 ജൂലായിലാണ് പൂന്തുറയില്‍ വർഗീയ കലാപം ഉണ്ടായത്. കലാപത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മദനി അവിടെ നടത്തിയ പ്രസംഗവും ഐ എസ് എസിൻ്റെ തുടർന്നുള്ള വിഷലിപ്തമായ പ്രവർത്തനങ്ങളും പൂന്തുറ കലാപം വളർത്തുന്നതിന് ബലമേകി. ഇത് 2008 ല്‍ പറഞ്ഞതാണ്. മദനി നടത്തിയ പ്രസംഗങ്ങള്‍ അന്ന് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ സ്വാധീനിക്കാൻ കഴിഞ്ഞു. എന്നാല്‍ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതാണ് വസ്തതുതയെന്നും ചരിത്രമെന്നും പി ജയരാജൻ പറഞ്ഞു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മദനിയെ ആക്ഷേപിക്കുന്നു എന്ന പ്രചാരണം ഞാൻ നേരത്തെ പറഞ്ഞ അർത്ഥത്തിലാണ്. കാണാതെ, തൊട്ടുനോക്കി, കണ്ണുകാണാത്തയാള്‍ ആനയെക്കുറിച്ച് പറയുംപോലെയാണ് ഈ വിമർശനങ്ങളെന്നും പി ജയരാജൻ വിവരിച്ചു.

More Stories from this section

family-dental
witywide