പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി. സരിൻ സിപിഎമ്മിനൊപ്പം നിൽക്കാൻ സാധ്യത. ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. സരിൻ വ്യാഴാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. സരിന് പിന്തുണ നല്‍കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വന്നിരുന്നു. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ടായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വ്യാഴാഴ്ച ആകും ഉണ്ടാകുക.
അതിനിടെ പാലക്കാടും ചേലക്കരയിലും സി പി എമ്മിനും കോൺഗ്രസിനും ചെക്ക് വയ്ക്കാൻ പി വി അൻവർ എം എൽ എയും രംഗത്തുണ്ട്. കോൺഗ്രസുമായി ഇടഞ്ഞ പി സരിനുമായി കൂടിക്കാഴ്ച്ച പിവി അൻവർ നടത്തി . പാലക്കാട് എത്തിയാണ് അൻവർ സരിനെ കണ്ട് ചർച്ച നടത്തിയത്. തിരുവില്വാമലയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പി സരിൻ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ശ്രദ്ധേയമാവുന്നത്.
പാലക്കാടിന് പിന്നാലെ ചേലക്കരയിലുമുണ്ടായ കോൺഗ്രസിലെ പൊട്ടിത്തെറി അൻവർ ഉപയോഗിക്കാൻ നോക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് എൻ കെ സുധീർ അൻവറിന്റെ പാർട്ടി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അൻവറുമായി സുധീർ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സുധീറിന്റെ പേരാമംഗലത്തെ വീട്ടിലെത്തിയാണ് അൻവർ സുധീറിനെ കണ്ടത്. ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സുധീറിന്റെ പേരുണ്ടായിരുന്നു. എന്നാൽ സുധീറിനെ തഴഞ്ഞാണ് രമ്യ ഹരിദാസിന് സീറ്റ് നൽകിയത്. 2009 ൽ ആലത്തൂർ പാർലമെന്റ് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുധീർ മുൻ കെ പി സി സി സെക്രട്ടറിയായിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ സുധീർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറഞ്ഞത്.