വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ആക്രമിച്ച സംഭവം; സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്ന് പ്രതിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതി പാല്‍രാജിന്റെ കുടുംബം. മനപ്പൂര്‍വ്വം ആക്രമിച്ചതല്ലെന്നും സ്വയം രക്ഷയ്ക്ക് വേണ്ടി പ്രതികരിച്ചതാണെന്നും പ്രതി പാല്‍രാജിന്റെ കുടുംബം പ്രതികരിച്ചു. പാല്‍രാജിന്റെ കയ്യിലുണ്ടായിരുന്നത് കത്തിയായിരുന്നില്ലെന്നും തയ്യല്‍ തൊഴിലുമായി ബന്ധപ്പെട്ട ഉപകരണമായിരുന്നുവെന്നും കുടുംബം അറിയിച്ചു.

ഇരയുടെ കുടുംബം തങ്ങളെ തുടര്‍ച്ചയായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും പാല്‍രാജിന്റെ കുടുംബം ആവശ്യപ്പെട്ടു. കേസില്‍ പാല്‍രാജിനെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ പിതൃസഹോദരനായ പാല്‍രാജാണ് പെണ്‍കുട്ടിയുടെ അച്ഛനേയും മുത്തച്ഛനേയും കുത്തിയത്.

പാല്‍രാജ് മനപ്പൂര്‍വ്വം പ്രകേപനം ഉണ്ടാക്കിയതാണെന്നും കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആറില്‍ പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്റെ പരിക്ക് ഗൗരവമുള്ളതാണ്. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. വലതുകാലില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു മുത്തച്ഛന്റെ കൈകള്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും അടിയേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇരുവരേയും സ്‌കാനിംഗിന് വിധേയമാക്കി.

വണ്ടിപ്പെരിയാര്‍ പട്ടണത്തിലെ പശുമലയില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം അര്‍ജുന്റെ ബന്ധു പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കുത്തര്‍ക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.

More Stories from this section

family-dental
witywide