ചര്‍ച്ചയായി തെരഞ്ഞെടുപ്പ് ദിനത്തില്‍ പദ്മജ പങ്കുവെച്ച ബാല്യകാല കുടുംബ ചിത്രം, ‘അച്ഛനെ ഒന്നുമല്ലാതാക്കിയ മകള്‍’ എന്നടക്കം കമന്റുകള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് പദ്മജ വേണുഗോപാല്‍ പങ്കുവെച്ച ബാല്യകാല കുടുംബ ചിത്രം ചര്‍ച്ചയാകുന്നു. പദ്മജയും മുരളീധരനും അഛന്‍ കരുണാകരനും അമ്മ കല്യാണിക്കുട്ടിയമ്മയും ചേര്‍ന്നുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു പദ്മജ പങ്കുവെച്ചത്. ”എന്ത് സുന്ദരമായ കാലം” എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനോടൊപ്പം കുറിച്ചിട്ടുണ്ട്.

എന്നാല്‍ നിമിഷങ്ങള്‍ക്കകം പദ്മജയ്ക്ക് നെഗറ്റീവ് കമന്റുകള്‍ക്കൊണ്ടുള്ള പൊങ്കാലയാണ് കിട്ടിയത്. ‘ആ അച്ഛനെയും അമ്മയെയും മറന്ന് അവര്‍ ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനത്തെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഒറ്റു കൊടുത്ത് ലീഡര്‍ എക്കാലവും അതിശക്തമായി എതിര്‍ത്തിട്ടുള്ള സംഘ പരിവാറിന്റെ കൂടരത്തിലേക്ക് കേവലം ചില നേട്ടങ്ങള്‍ക്കായി പോയതില്‍ താങ്കളുടെ മനസ്സാക്ഷി ഇപ്പോഴും യോജിച്ചിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്’ എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ‘ആ ചിന്ത ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിന്റെ ലീഡറിന്റെ മകള്‍ വര്‍ഗീയ പാര്‍ട്ടിയിലേക്ക് പോവില്ലായിരിന്നു…’ എന്നാണ് മറ്റൊരു കമന്റ്. ‘നിങ്ങടെ മനസ്സ് ഇപ്പോഴും കോണ്‍ഗ്രസ് ആണ്, എന്തോ ഒരു ഭീഷണിയിലോ വാഗ്ദാനത്തിലോ മറുകണ്ടം ചാടിയ നിങ്ങള്‍ അവിടെ അസ്വസ്ഥയാണ്’ എന്നും, ‘എന്ത് സുന്ദരമായ കാലം. തിരിച്ചു കോണ്‍ഗ്രസില്‍ വരാന്‍ തോന്നുന്നു അല്ലെ…’ എന്നും ചിലര്‍ ചോദിക്കുന്നു.

സുന്ദരമായ കാലം കോണ്‍ഗ്രസുകാരനായ അച്ഛന്‍ കൂടെയുള്ള കാലം. ഇന്ന് നീ സംഘിയല്ലേ,
ആദരണീയനായ ലീഡര്‍ക്ക് ഇതിനെക്കള്‍ നല്ലത് ‘ ഒരു വാഴ വെച്ചാല്‍ മതിയായിരുന്നു ‘ എന്നുപോലുമുള്ള രൂക്ഷ ഭാഷയിലെ കമന്റുകള്‍ പോലും നല്‍കിയാണ് ആളുകളുടെ പ്രതികരണം എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് പദ്മജ ചിത്രം പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉറക്കമില്ലേ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.

പാലക്കാട് തിരഞ്ഞെടുപ്പില്‍ മുരളീധരനെ മത്സരിപ്പിക്കാത്തത് എന്താണെന്ന് പദ്മജ മുമ്പ് ചോദിച്ചിരുന്നു. തന്റെ അമ്മയെ അവഹേളിച്ച ആളാണ് രാഹുലെന്നും ആ രാഹുലിനോട് മുരളീധരന് ക്ഷമിക്കില്ലെന്നും പദ്മജ പറഞ്ഞിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലാണ് കോണ്‍ഗ്രസുമായി ഇടഞ്ഞ പദ്മജ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിടുന്നത് മടുത്തിട്ടാണെന്ന് അന്ന് പദ്മജ പറഞ്ഞിരുന്നു. തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം. കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടുവെന്നും പത്മജ അന്ന് തുറന്നടിച്ചു. മാത്രമല്ല, ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളതെന്നും പത്മജ പറഞ്ഞിരുന്നു.

എന്നാല്‍, കടുത്ത ഭാഷയിലാണ് സഹോദരന്‍ മുരളീധരന്‍ പത്മജ വേണുഗോപാലിന്റെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തോട് പ്രതികരിച്ചത്. ഈ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ലെന്നും മുരളീധരന്‍ പറഞ്ഞു. പ്രോത്സാഹിപ്പിക്കാനും ചിരിക്കാനും ആള്‍ക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങള്‍ക്ക് അറിയാം. പദ്മജയുടെ തീരുമാനം ചതിയാണ്. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്ന ആരോപണം ശരിയല്ലെന്നും മുരളീഖരന്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസ് എന്നും നല്ല പരിഗണനയാണ് പത്മജയ്ക്ക് കൊടുത്തതെന്നും പദ്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിയില്‍ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോള്‍ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും അന്ന് മുരളീധരന്‍ പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide