‘മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണ് സന്ദീപ് വാര്യര്‍ കയറിയത്’, വിമര്‍ശിച്ച് പത്മജാ വേണുഗോപാല്‍

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ പത്മജാ വേണുഗോപാല്‍. മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണ് സന്ദീപ് വാര്യര്‍ കയറിയതെന്നും സ്‌നേഹത്തിന്റെ കടയില്‍ അല്ല അംഗത്വമെടുത്തതെന്നും വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും നേതാവ് പത്മജ പരിഹസിച്ചു.

ഇനി ഇത്രയും കാലം പറഞ്ഞതൊക്കെ വിഴുങ്ങേണ്ടെയെന്നും ഇപ്പോഴെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, പത്മജയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായി കെ മരളീധരന്‍ സന്ദീപിന്റെ വരവ് നല്ലകാര്യമെന്നും രണ്ടാഴ്ച മുന്‍പ് വരാമായിരുന്നുവെന്നുമാണ് പ്രതികരിച്ചത്. നേരത്തെ എത്തിയിരുന്നുവെങ്കില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് പോകാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സ്‌നേഹത്തിന്റെ കടയിലെ മെമ്പര്‍ഷിപ്പ് എപ്പോഴും നിലനിര്‍ത്തണമെന്നും വീണ്ടും വെറുപ്പിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ് ഇങ്ങനെ

കഷ്ടം സന്ദീപേ , നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ല .ഇനിഇത്രയും കാലം ശര്‍ദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു . 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാല്‍ മതി.സന്ദീപേ ആ ഇരിക്കുന്നതില്‍ 2. പേര്‍ക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട് .ബാക്കിയുള്ളവര്‍ക്ക് നിങ്ങള്‍ വരുന്നതില്‍ തീരെ താല്പര്യമില്ല .മുങ്ങാന്‍ പോകുന്ന കപ്പലില്‍ ആണല്ലോ സന്ദീപേ നിങ്ങള്‍ പോയി കയറിയത് ?സ്‌നേഹത്തിന്റെ കടയില്‍ അല്ലാ നിങ്ങള്‍ മെമ്പര്‍ഷിപ് എടുത്തത് .വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങള്‍ ചെന്ന് എത്തിയിരിക്കുന്നത് .അതു കാലം തെളിയിക്കും.

More Stories from this section

family-dental
witywide