ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി പദ്മജ വേണുഗോപാൽ. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അവരെ തെരുവില്‍ തടയുമെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു പദ്മജ. രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്ന് നേതാവായതാണെന്നും അദ്ദേഹം എന്നോട് അത് പറയേണ്ടെന്നും പദ്മജ പറഞ്ഞു.
വർഷങ്ങളായി കോൺഗ്രസ് പാർട്ടിയുമായി അകൽച്ചയിലായിരുന്നുവെന്ന് പദ്മജ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിടണമെന്ന് തീരുമാനിച്ചിരുന്നതാണെന്നും ഡല്‍ഹിയില്‍ ബിജെപി അംഗത്വം സ്വീകരിച്ചിതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച പദ്മജ വ്യക്തമാക്കി.
വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടുന്നുണ്ട്. നിരവധി തവണ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചതാരാണെന്ന് അറിയാം. രണ്ട് മൂന്ന് തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരാതികളെല്ലാം ചവറ്റുകുട്ടയില്‍ പോയെന്നാണ് തനിക്ക് ലഭിച്ച വിവരം.
മോദി വളരെ ശക്തനായ നേതാവാണ്. അതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ കഴിവും നേതൃപാടവും എന്നും ആകർഷിച്ചിരുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും പദ്മജ വ്യക്തമാക്കി. വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ അത്തരത്തിലുള്ള സംസാരിമുണ്ടായിട്ടില്ലെന്നായിരുന്നു പദ്മജയുടെ മറുപടി.