തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും തളി പാത്രം മോഷണം പോയതല്ലെന്ന് പൊലീസ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നും കേസെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസെന്നുമാണ് വിവരം. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജാസാധനങ്ങള്‍ നിലത്തു വീണു. അവ മറ്റൊരാള്‍ എടുത്ത് നല്‍കിയത് നിലത്തിരുന്ന വേറൊരു പാത്രത്തിലെന്നാണ് പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝാ പൊലീസിനോട് പറഞ്ഞത്. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും ഗണേഷ് ജാ മൊഴി നൽകി.
ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഗണേഷ് ജാ പറഞ്ഞു. കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം. 13 ന് നടന്ന സംഭവം,15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. സി സി ടി വി പരിശോധിച്ചാണ് പാത്രം കൊണ്ടുപോയയാളെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആളെ കസ്റ്റഡിലെടുത്തത്. ഇയാളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.