ന്യൂഡല്‍ഹി: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചുള്ള സ്‌ഫോടനത്തില്‍ റിന്‍സണ്‍ ജോസ് എന്ന മലയാളിയുടെ പങ്ക് സംശയിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റിന്‍സന്റെ കമ്പനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി. റിന്‍സന്റെ പങ്കിനെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ അന്വേഷണം തുടങ്ങിയിരിക്കെയാണ് പുതിയ നീക്കം.
സംഭവത്തില്‍ റിന്‍സണ്‍ ജോസിന്റെ ബള്‍ഗേറിയന്‍ കമ്പനികള്‍ വഴിയാണ് ലെബനനില്‍ ഹിസ്ബുള്ള ഉപയോഗിച്ച പേജറുകള്‍ക്ക് പണം എത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ നിയമം പാലിച്ചുള്ള പണമിടപാട് മാത്രമാണ് റിന്‍സന്റെ കമ്പനി നടത്തിയിട്ടുള്ളുവെന്നും ഭീകര പട്ടികയിലുള്ള സംഘടനകളുമായോ സ്ഥാപനങ്ങളുമായോ ഇടപാടിന് തെളിവില്ലെന്നും ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ നോര്‍ട്ട ഗ്‌ളോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജര്‍ വാങ്ങാനുള്ള പണം കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. തായ്വാനിലെ ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ഉള്ള പേജറുകളാണ് ലബനനില്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. എന്നാല്‍ ഇവ നിര്‍മ്മിച്ചിട്ടില്ലെന്നും ഹംഗേറിയന്‍ കമ്പനിയായ ബിഎസിക്ക് ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം നല്കിയിരുന്നെന്നുമാണ് തായ്വാന്‍ കമ്പനിയുടെ വിശദീകരണം.