ലെബനനിലുടനീളം പേജറുകള്‍ പൊട്ടിത്തെറിച്ച് 8 മരണം: 2,750 പേര്‍ക്ക് പരുക്ക്, പിന്നില്‍ ഇസ്രായേലെന്ന് ഹിസ്ബുള്ള

ബെയ്റൂട്ട്: ലെബനനില്‍ ആശയ വിനിമയത്തിനുപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിക്കുകയും 2,750 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ലെബനനിലെ തങ്ങളുടെ അംബാസഡര്‍ മൊജ്തബ അമാനിക്കും പരിക്കേറ്റതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. സൗദി വാര്‍ത്താ ചാനലായ അല്‍ ഹദത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പേജര്‍ ആക്രമണത്തില്‍ ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള പ്രതിനിധി അലി അമ്മറിന്റെ മകന്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനുള്ള സാധ്യതകളുണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.

ലെബനനില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും പിന്നില്‍ ഇസ്രയേലാണെന്നും ഹിസ്ബുള്ള ആരോപിച്ചു.

ലിഥിയം ബാറ്ററികള്‍ അമിതമായി ചൂടായതാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുമ്പോള്‍, മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പേജറുകളില്‍ സ്‌ഫോടകവസ്തുക്കളുടെ നേര്‍ത്ത പാളി വെച്ചിരുന്നുവെന്ന് ആരോപിക്കുന്നു. പേജറിന്റെ ഏറ്റവും പുതിയ മോഡലാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലാണ് ഹിസ്ബുള്ള ഇവ വാങ്ങിയതെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ആക്രമണത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഹിസ്ബുള്ള, ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും അവകാശപ്പെട്ടു. എല്ലാ പേജറുകളും ഏതാണ്ട് ഒരേ സമയം പൊട്ടിത്തെറിച്ചുവെന്നും ഇത് തങ്ങളുടെ ആശയവിനിമയ ശൃംഖലയുടെ വലിയ സുരക്ഷാ ലംഘനമാണെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു.

More Stories from this section

family-dental
witywide