ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിനും അൽ-ഷാമിനും (ഐഎസ്ഐഎസ്) ഭൗതിക പിന്തുണയും വിഭവങ്ങളും നൽകാൻ ശ്രമിച്ചതിന് കാനഡയിൽ താമസിക്കുന്ന ഒരു പാകിസ്ഥാൻ പൗരനെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. 20 കാരനായ മുഹമ്മദ് ഷാസെബ് ഖാനാണ് അറസ്റ്റിലായത്. ന്യൂയോർക്ക് സിറ്റിയിൽ ഒക്ടോബർ 7 ന് ഭീകരാക്രമണം ആസൂത്രണം ചെയ്തെന്നാണ് കേസ്. ‘ഐ എസിൻ്റെ പേരിൽ കഴിയുന്നത്ര ജൂതന്മാരെ കശാപ്പ് ചെയ്യുക എന്ന ഉദ്ദേശത്തോടെ’യാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് അറ്റോർണി ജനറൽ മെറിക് ബി ഗാർലൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു.
ഇസ്രായേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷം, അമേരിക്കയിലെ ജൂതന്മാരെ കൊല്ലാനാണ് പ്രതി തീരുമാനിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകിയത് എഫ്ബിഐയാണ്. ഖാൻ്റെ പദ്ധതി തകർക്കാൻ സാധിച്ചതിൽ എഫ്ബിഐ ടീമിൻ്റെയും ഞങ്ങളുടെ പങ്കാളികളുടെയും മികച്ച പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നുവെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു.