‘വിദ്വേഷം’ തടയാൻ പാകിസ്ഥാൻ; 6 ദിവസത്തേക്ക് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കും

ഇസ്‌ലാമാബാദ്: നാല് മാസത്തിലേറെയായി എക്‌സ്, ട്വിറ്റർ ബ്ലോക്ക് ചെയ്‌തതിന് ശേഷം, പാകിസ്ഥാൻ സർക്കാർ ജൂലൈ 13 മുതൽ 18 വരെ ആറ് ദിവസത്തേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവ നിരോധിക്കാൻ ഒരുങ്ങുന്നു. ഇസ്ലാമിക മാസമായ റമദാനിൽ വിദ്വേഷ ഉള്ളടക്കങ്ങൾ നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകത മുൻനിർത്തിയാണ് നീക്കം.

പഞ്ചാബിൽ മുഹറം 6 മുതൽ 11 വരെ (ജൂലൈ 13 മുതൽ 18 വരെ)യുള്ള കാലയളവിൽ യൂട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കാൻ മുഖ്യമന്ത്രി മറിയം നവാസിൻ്റെ ക്രമസമാധാന സമിതി ശുപാർശ ചെയ്തു.

ആറ് ദിവസത്തേക്ക് (ജൂലൈ 13-18) ഇൻ്റർനെറ്റിലെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന കാര്യം അറിയിക്കാൻ മറിയം നവാസിൻ്റെ പഞ്ചാബ് സർക്കാർ കേന്ദ്രത്തിലെ അമ്മാവൻ ഷെഹ്ബാസ് ഷെരീഫിൻ്റെ സർക്കാരിനോട് അഭ്യർത്ഥിച്ചു.

സോഷ്യൽ മീഡിയ അധമ പ്ലാറ്റ്ഫോം ആണെന്നും അതിലൂടെ നടക്കുന്നത് ഡിജിറ്റൽ തീവ്രവാദമാണെന്നും പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ അടിവരയിട്ടു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ അടുത്തിടെ സോഷ്യൽ മീഡിയയുടെ സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിൻ്റെ ജയിലിൽ കഴിയുന്ന സ്ഥാപകൻ ഇമ്രാൻ ഖാനെ അധികാരത്തിലെത്തുന്നത് തടയാനുള്ള സൈനിക സ്ഥാപനത്തിൻ്റെ ഉത്തരവനുസരിച്ച്, പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഷെഹ്ബാസ് സർക്കാർ എക്‌സ് പ്ലാറ്റ്ഫോമിന് താഴിട്ടിരുന്നു.