ഇസ്ലാമാബാദ്: ദേശീയ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അനുകൂലമായിരുന്നെങ്കിൽ പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന പുതിയ വാർത്തകൾ ഇമ്രാന്‍റെ പാർട്ടിക്ക് അത്ര ശുഭകരമല്ല. രാത്രിയോടെ തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ചർച്ചകൾ തുടങ്ങിയതായും നവാസ് ഷെരീഫ് വ്യക്തമാക്കി. സമ്പൂർണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഒറ്റ കക്ഷി പി എം എൽ എൻ ആണെന്നാണാണ് ഷരീഫിന്‍റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ഷെരീഫ് മുന്നോട്ടുപോകുകയാണെന്നാണ് പാകിസ്ഥാനിൽ നിന്നുള്ള വിവരം. ഇമ്രാന്‍റെ പാർട്ടി ഒഴികെയുള്ളവരുടെ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഷെരീഫ് പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തിന്‍റെ സ്ഥിരതയ്ക്ക് പുതിയ സര്‍ക്കാര്‍ വരണമെന്നും സ്വതന്ത്രരടക്കം എല്ലാവരുടെയും വിജയം അംഗീകരിക്കുന്നുവെന്നും പി എം എൽ എൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നവാസ് ഷെരീഫ് പറഞ്ഞു.
ബിലാവൽ ഭൂട്ടോയെയും അദ്ദേഹത്തിന്‍റെ പാർട്ടി പി പി പിയെയുമാണ് ഷെരീഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബിലാവലുമായി ചർച്ച നടത്തുമെന്ന് നവാസ് ഷരീഫ് അറിയിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും ഒടുവിൽ പുറത്തുവന്ന ഔദ്യോഗിക ഫലങ്ങൾ പ്രകാരം ഇമ്രാന്റെ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Pakistan former PM Nawaz Sharif claims victory in national election 2024