‘പാകിസ്ഥാൻ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല’: കാർഗിലിൽ പ്രധാനമന്ത്രി മോദി

കാർഗിൽ: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന വേളയിൽ, പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ പരാജയത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും ഭീകരർക്ക് അഭയം നൽകുന്നത് തുടരുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

“പാകിസ്ഥാൻ എന്തെങ്കിലും അബദ്ധം കാണിച്ചിട്ടുള്ളപ്പോഴെല്ലാം പരാജയം നേരിട്ടു. പക്ഷെ അവർ ചരിത്രത്തിൽ നിന്ന് പാഠങ്ങളൊന്നും പഠിച്ചിട്ടില്ല,” കാർഗിൽ യുദ്ധ സ്മാരകത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.

യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി മോദി, രാജ്യത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗം അനശ്വരമാണെന്നും കാർഗിൽ വിജയ് ദിവസിൻ്റെ രൂപത്തിൽ ആ ത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്നും പറഞ്ഞു.

1999 ജൂലൈ 26 ന്, ലഡാക്കിലെ കാർഗിലിൻ്റെ മഞ്ഞുമൂടിയ ഉയരങ്ങളിൽ ഏകദേശം മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിന് ശേഷമാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമീച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.

More Stories from this section

family-dental
witywide