
ഇസ്ലാമാബാദ്: റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നടുങ്ങി പാകിസ്ഥാന്‍. തലസ്ഥാനമായ ഇസ്ലാമാബാദ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളുടെ പല ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാന്‍ സമയം ഉച്ചയ്ക്ക് 12:28 നാണ് ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ദേര ഗാസി ഖാന്‍ മേഖലയ്ക്ക് സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മാത്രമല്ല, ഭൂചലനത്തെപ്പറ്റി ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയും അറിയിപ്പ് നല്‍കി. 2005ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാക്കിസ്ഥാനിലും കശ്മീരിലും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.