വാഷിംഗ്ടണ്‍: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് ശേഷം സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 25 പേര്‍ക്ക് ശിക്ഷ വിധിച്ചതിന് പാകിസ്ഥാന്‍ സൈനിക കോടതികളെ യുഎസും യുകെയും യൂറോപ്യന്‍ യൂണിയനും അടക്കം വിമര്‍ശിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത സാധാരണക്കാരായ പൗരന്മാരെ രണ്ട് മുതല്‍ 10 വര്‍ഷം വരെയാണ് ശിക്ഷിച്ചത്.
ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട കേസുകളില്‍ സൈനിക കോടതികള്‍ വലിയ പങ്ക് വഹിക്കുമെന്ന ഖാന്റെ അനുയായികള്‍ക്കിടയിലെ ആശങ്കകള്‍ക്ക് അടിവരയിടുന്ന നീക്കമാണ് പാക് സൈനിക കോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
‘2023 മെയ് 9 ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഒരു സൈനിക കോടതി ശിക്ഷ വിധിച്ചതില്‍ വളരെയധികം ആശങ്കയുണ്ട്’ എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയത്.
‘സൈനിക കോടതികളില്‍ സാധാരണക്കാരെ വിചാരണ ചെയ്യുന്നത് സുതാര്യതയും സ്വതന്ത്രമായ പരിശോധനയും ഇല്ലാത്തതും ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ’ എന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിദേശകാര്യ ഓഫീസും വിമര്‍ശിച്ചു.
‘പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ഇത് ശരിയായ നടപടിയല്ലെന്നാണ്് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം.
2022-ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിനുശേഷം ഇമ്രാന്‍ ഖാന്‍ നിരവധി കേസുകള്‍ നേരിട്ടിട്ടുണ്ട്. 2024 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ അയോഗ്യനാക്കിയ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഖാന്‍ വാദിക്കുന്നു. ഇമ്രാന്‍ ഖാന്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത്. എങ്കിലും, അദ്ദേഹത്തിന്റെ എതിരാളികള്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു. ഖാന്റെ തടവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ വര്‍ക്കിംഗ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഇമ്രാന്‍ ഖാനോടോ അദ്ദേഹത്തിന്റെ അനുയായികളോടോ പെരുമാറുന്നതില്‍ അനീതി കാണിക്കുന്നില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിക്കുന്നതായും പാക് സര്‍ക്കാര്‍ വ്യക്തമാക്കി.