യുഎസ് ആ പറഞ്ഞത് ശരിയായില്ല, തങ്ങളുടെ മിസൈല്‍ അമേരിക്കയെ ഉള്‍പ്പെടെ ലക്ഷ്യമിടുമെന്ന പ്രസ്താവന അടിസ്ഥാന രഹിതമെന്ന് പാക്കിസ്ഥാന്‍

തങ്ങളുടെ മിസൈല്‍ ശേഷിയെക്കുറിച്ച് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ അടുത്തിടെ നടത്തിയ പരാമര്‍ശം ‘നിര്‍ഭാഗ്യകരം’ എന്ന് പാകിസ്ഥാന്‍. അത്തരം ‘അടിസ്ഥാനമില്ലാത്ത’ ആരോപണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും പാക് മുന്നറിയിപ്പ്. നേരത്തെ, യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ പാകിസ്ഥാന്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ശേഷി വികസിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ഇത് ഒടുവില്‍ അമേരിക്ക ഉള്‍പ്പെടെ ദക്ഷിണേഷ്യയ്ക്ക് പുറത്തുള്ള പ്രദേശങ്ങളെ ലക്ഷ്യമിടുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.

യുഎസ് ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങള്‍ ‘നിര്‍ഭാഗ്യകരവും’ ‘യുക്തിബോധവും ചരിത്രബോധവും’ ഇല്ലത്തതാണെന്നും അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാക്കിസ്ഥാനും യുഎസും തമ്മില്‍ 1954 മുതല്‍ നിലനില്‍ക്കുന്ന നല്ല ബന്ധത്തെ ഇത്തരം ആരോപണങ്ങള്‍ തകര്‍ക്കുമെന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. ഫൈനറുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പ്രസ്താവന ഇറക്കിയത്.

പാകിസ്ഥാന് ഒരിക്കലും യുഎസിനോട് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും യുഎസുമായുള്ള ബന്ധത്തിനായി പാകിസ്ഥാന്‍ കാര്യമായ ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.