
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലാണ്. ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനം ഉള്‍പ്പെടെ ഭീകരാക്രമണ ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയ നടപടി പോളിംഗ് ബൂത്തിലേക്കെത്തിയവരെയും സാരമായി ബാധിച്ചു. മൊബൈല്‍ സേവനങ്ങള്‍ താല്‍ക്കാലികമായാണ് നിര്‍ത്തിവച്ചതെങ്കിലും ദശലക്ഷക്കണക്കിന് ജനങ്ങളെ ഇത് സാരമായി ബാധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണ സംഭവങ്ങളെ കണക്കിലെടുത്താണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുമ്പോഴും വിവിധ ഓണ്‍ലൈന്‍ സേവനങ്ങളെയും പൊതുജനങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.
ടാക്‌സി ബുക്ക് ചെയ്ത് പോയി വോട്ട് ചെയ്യാനാകാത്തതും വിവിധ ഇടങ്ങളിലുള്ള കുടുംബാംഗങ്ങളെ ഏകോപിപ്പിച്ച് വോട്ട് ചെയ്യാന്‍ പോകാന്‍ കഴിയാത്തതും പലരേയും വെട്ടിലാക്കി.
മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാനെ അവിശ്വാസ വോട്ടില്‍ പുറത്താക്കിയതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് ഇപ്പോള്‍ വോട്ടെടുപ്പിലാണ്. അതേസമയം, പല വിശകലന വിദഗ്ധരും പറയുന്നത് പാകിസ്ഥാനിലെ ഇതുവരെ വിശ്വസനീയമല്ലാത്ത തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നതെന്നാണ്.
അതേസമയം, കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സദാരിയും ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കുന്നതിനായി തന്റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചിട്ടുണ്ടെന്ന് മത്സരി രംഗത്തുള്ള ബിലാവല്‍ ഭൂട്ടോ പറഞ്ഞു.