പാലക്കാട്: പാലക്കാട് മഹാ ഭൂരിപക്ഷം വോട്ടര്‍മാരും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലതുപക്ഷ കേന്ദ്രങ്ങള്‍ വല്ലാത്ത വിഷമത്തിലാണെന്ന് ഇന്നത്തെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. വലതുപക്ഷ മാധ്യമങ്ങള്‍ ഒരാളുടെ കോണ്‍ഗ്രസ് പ്രവേശനം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും എന്തുകൊണ്ട് അത്ര വലിയ രീതിയില്‍ മഹത്വവത്ക്കരിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍ എത്തിയത്. കണ്ണാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദം ഞങ്ങള്‍ തള്ളിയതാണ്, പരിഹാസ്യമായ കാര്യമാണ്. ചേലക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ആ വാര്‍ത്ത പുറത്തു വന്നതെന്നും ബോധപൂര്‍വം തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും ആക്ഷേപങ്ങള്‍ കെട്ടിച്ചമച്ചു വാര്‍ത്തയാക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പാലക്കാട് മണ്ഡലം കൈവിട്ടുപോകുമോ എന്ന ആശങ്കയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.