പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ അഞ്ച് മരണം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.
മരിച്ചവരില്‍ 3 പേര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷും സുഹൃത്തുക്കളായ വിഷ്ണുവും രമേശുമാണ് മരണത്തിലും പിരിയാതെ യാത്രയായത്. രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. സുഹൃത്തുക്കള്‍ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാര്‍ പറയുന്നത്. അതേസമയം, കാര്‍ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്.
അതേസമയം, അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് പൊലീസ് പറഞ്ഞു. തെറ്റായ ദിശയിലെത്തി കാര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ ഉടന്‍ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, കെ.ശാന്തകുമാരി എംഎല്‍എ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ.പി.സരിന്‍ എന്നിവര്‍ സ്ഥലത്തെത്തി.