
ഇപ്പോഴും അവർ ഒരുമിച്ചാണ്. വിരലുകൊണ്ട് തൊടാവുന്ന അകലത്തിൽ അടുത്തടുത്ത് 4 കബറുകളിൽ ആ കൂട്ടുകാരികൾ ഒരുമിച്ച് അവസാന ഉറക്കത്തിലാണ്.. കളിയും ചിരിയും പിണക്കങ്ങളും ഇണക്കങ്ങളും സ്വപ്നങ്ങളും പങ്കിട്ടവർ. റിദ, നിദ, ആയിഷ, ഇർഫാന- അവർ ഇനി പ്രിയപ്പെട്ടവരുടെ ഹൃദയത്തിലെ നൊമ്പരത്തിപൂവുകൾ. പാലക്കാട് പനയമ്പാടത്ത് സിമൻ്റ് ലോറി മറിഞ്ഞ് വീണു മരിച്ച 4 കൂട്ടികളെ തുപ്പനാട് ജുമാ മസ്ജിദിൽ തൊട്ടടുത്തായാണു കബറടക്കിയത്. പെൺകുട്ടികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലും ഉറ്റവരും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു.
മന്ത്രിമാരായ എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടിയും കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
സുഹൃത്തുക്കളെ ചേതനയറ്റ നിലയിൽ കണ്ടപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു. കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അധ്യാപകർ ഇരട്ടി സങ്കടത്തിലായി. ജീവിതത്തിലും മരണത്തിലും ഒന്നിച്ച നാലുപേരെയും അവസാനമായി കാണാൻ സ്നേഹിതരും ബന്ധുക്കളും നാട്ടുകാരും ഒഴുകിയെത്തി.
പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയപ്പോഴുണ്ടായ അപകടത്തിലാണ് കൂട്ടുകാരികളും എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളുമായ റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, നിദ ഫാത്തിമ, ആയിഷ എന്നിവര്‍ മരിച്ചത്. വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ നടന്നുവരുന്നതിനിടെ ഇവരുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞായിരുന്നു അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ കുട്ടികളുടെ വീടുകളിലെത്തിച്ച മൃതദേഹം എട്ടരയോടെ തുപ്പനാട് കരിനമ്പനയ്ക്കല്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി മാറ്റിയിരുന്നു. ഉറ്റവരും നാടുമുഴുവനും ആദാരഞ്ജലി അര്‍പ്പിക്കാനെത്തി.