പാലക്കാട്ടെ വോട്ടർമാരുടെ ഡീൽ ആരുമായി? വോട്ടുകൾ മറിയുമോ? വിജയം ആർക്ക്?

തുലാ വർഷത്തിൻ്റെ ഒടുവിലായി പാലക്കാട് ചുരത്തിലൂടെ , മൊട്ടപ്പാറകളിലും കരിമ്പന കൂട്ടങ്ങളിലും തട്ടിവരുന്ന ഒരു കാറ്റുണ്ട്. പാലക്കാടിൻ്റെ വൃശ്ചിക രാത്രികളെ നേർത്ത തണുപ്പുകൊണ്ട് പൊതിയുന്ന കാറ്റ്. ഇത്തവണ ആ കാറ്റിനിത്തിരി ചൂടും ശക്തിയും കൂടുതലാണ്. കൊടും ചൂടുകാലത്ത് പൊടിപറത്തി ഉയരുന്ന ചുഴലിക്കാറ്റുപോലെ..പാലക്കാട്ടെ രാഷ്ട്രീയ കാലാവസ്ഥയാകെ വിവാദമുഖരിതമാണ്. രാഷ്ട്രീയ ഉഷ്ണമാപിനികൾ കുത്തനെ ഉയർന്നു നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ പാലക്കാട്ടെ ജനങ്ങൾ എന്തു തീരുമാനിക്കും?

പാലക്കാട് നഗരസഭയും പിരായിരി, കണ്ണാടി പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. പാലക്കാട് മണ്ഡലത്തിൽ 1,94,706 വോട്ടർമാരുണ്ട്.

പാലക്കാടിൻ്റെ എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് വിജയിച്ചതോടെയാണ് നിയമസഭാംഗത്വം രാജിവെച്ചതും പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വന്നതും.

തിരഞ്ഞെടുപ്പുകളിൽ കൂടുതൽത്തവണ യുഡിഎഫിനോട് ചേർന്നുനിന്ന മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ടുതവണയായി പാലക്കാട് നഗരസഭ ബിജെപിയുടെ കയ്യിലാണ്.അതേസമയം, കണ്ണാടിയും മാത്തൂരും സിപിഎം ശക്തികേന്ദ്രങ്ങളാണ്. പിരായിരിയിൽ യുഡിഎഫിനാണ് മേൽക്കൈ.

കഴിഞ്ഞ രണ്ടുനിയമസഭാതിരഞ്ഞെടുപ്പുകളിലും എൻഡിഎയാണ് പാലക്കാട് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്ത്. എൽഡിഎഫ് മൂന്നാംസ്ഥാനത്താണ്. കഴിഞ്ഞതവണ മെട്രോമാൻ ഇ. ശ്രീധരനെ രംഗത്തിറക്കി നിക്ഷ്പക്ഷ വോട്ടുകൾകൂടി സമാഹരിച്ച് വിജയം ഉറപ്പിക്കാൻ എൻഡിഎ ശ്രമിച്ചതോടെ മത്സരം കടുത്തതായിരുന്നു. ഷാഫി പറമ്പിലിൻ്റെ ഭൂരിപക്ഷം 3859 വോട്ടുകൾ മാത്രമായിരുന്നു. ഷാഫിയുടെ വിജയത്തിനുപിന്നിൽ എൽഡിഎഫ് വോട്ടുകളാണെന്ന് പിന്നീട് ബിജെപി ആരോപണമുയർത്തി. ഷാഫി അത് നിഷേധിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ ഇത്തവണ ബിജെപി കൊട്ടിഗ്ഘോഷിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിന്നിട്ടില്ല. വോട്ടു മറിയാതിരിക്കാൻ ശ്രദ്ധിച്ചാണ് നീക്കം. ബിജെപി ജയിക്കും എന്ന നിലവന്നാൽ ഇടതു വോട്ടുകൾ കോൺഗ്രസിലേക്ക് മറിയുമെന്ന് അവർ കരുതുന്നു.

പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങളുടെ ചൂടൻ കാറ്റായിരുന്നു കേരളം മുഴുവൻ വീശിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ യൂത്ത് കോൺഗ3സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ച് യുഡിഎഫ് ഗോദയിലേക്ക് ഇറങ്ങി. എതിർപ്പുമായി കോൺഗ്രസ് സാമൂഹികമാധ്യമവിഭാഗം കോഡിനേറ്ററും ഒറ്റപ്പാലത്തെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന ഡോ. പി. സരിൻ ആദ്യ വെടിയുതിർത്തു. പിന്നീട്, സരിൻ എൽ.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാർഥിയാകുകയുംചെയ്തു. സരിനുപിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബും പാർട്ടിവിട്ടു.

കോൺഗ്രസിനെതിരേ സരിൻ ഉന്നയിച്ച ‘ഡീൽ’ വിവാദം കേരളം മുഴുവൻ ചർച്ചയായി. അതിനിടെ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയതെന്നുപറയപ്പെടുന്ന കത്ത് പുറത്തുവന്നു. കെ. മുരളീധരനെ പ്രചാരണത്തിനിറക്കിയതോടെ ആ വിവാദം തീർന്നു.

അതിനിടയിലാണ് നേതാക്കളും മാധ്യമപ്രവർത്തകരുമെല്ലാം താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ നീല ട്രോളിബാഗിൽ യുഡിഎഫ്. സ്ഥാനാർഥിക്കായി പണമെത്തിച്ചെന്ന വിവാദം ആരംഭിക്കുന്നത്. അർധരാത്രി ഹോട്ടലിൽ റെയ്ഡായി, സംഘർഷമായി, നാടകീയനീക്കങ്ങൾക്കൊടുവിൽ നാണക്കേടു മുഴുവൻ പൊലീസിനുമായി.

അടുത്തദിവസങ്ങളിൽ വ്യാജവോട്ടുകളെക്കുറിച്ചുള്ള ആരോപണമാണ് കേരളം ചർച്ചചെയ്തത്. കോൺഗ്രസും ബിജെപിയും പലരുടെയും വോട്ടുകൾ അനധികൃതമായി ചേർത്തെന്ന് ആരോപിച്ചപ്പോൾ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിലുൾപ്പെടെ ഒറ്റപ്പാലത്തെ വോട്ടറായിരുന്ന സരിൻ പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിയുടെ ഒത്താശയോടെയാണ് വോട്ട് പാലക്കാട്ടേക്ക് മാറ്റിയതെന്ന ആരോപണവുമായി യു.ഡി.എഫും രംഗത്തെത്തി.

ബി.ജെ.പി. സംസ്ഥാനസമിതി അംഗമായിരുന്ന സന്ദീപ് വാരിയർ കോൺഗ്രസ് പാളയത്തിലെത്തിയതാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പുരംഗത്തെ ഏറ്റവും പുതിയ വിവാദം.

എൽഡിഎഫ് – ബിജെപി ഡീലുണ്ടെന്ന് കോൺഗ്രസും യുഡിഎഫ് – എൽഡിഎഫ് ഡീലുണ്ടെന്ന് ബിജെപിയും യുഡിഎഫ്- ബിജെപി ഡീലുണ്ടെന്ന് എൽഡിഎഫും പരസ്പരം പഴിചാരുന്ന അവസ്ഥയാണ് പാലക്കാട്. ഡീൽ ഓർ നോ ഡീൽ.. ജനങ്ങളുടെ ഡീൽ ആരുമായെന്ന് എന്ന് 23ാം തീയതി അറിയാം.